ദേശീയ കോ-ലെൻഡിംഗ് ഉച്ചകോടിക്ക് സൗത്ത് ഇന്ത്യൻ ബാങ്ക് ആതിഥേയത്വം വഹിച്ചു
Wednesday, April 30, 2025 12:52 AM IST
കൊച്ചി: ദേശീയ കോ-ലെൻഡിംഗ് ഉച്ചകോടിക്ക് സൗത്ത് ഇന്ത്യൻ ബാങ്ക് കൊച്ചിയിൽ ആതിഥേയത്വം വഹിച്ചു. സീഡ് (സിനർജൈസിംഗ് എമർജിംഗ് എന്റർപ്രൈസസ് ഡിജിറ്റലി) എന്ന പേരിലുള്ള ദേശീയ ഉച്ചകോടിയുടെ ഒന്നാമത്തെ സീസണിലൂടെ നിലവിലുള്ളതും വളർന്നുവരുന്നതുമായ എൻബിഎഫ്സികൾ, എച്ച്എഫ്സികൾ എന്നിവയുമായുള്ള കോ-ലെൻഡിംഗ് സഹകരണം ശക്തമാക്കാനാണു ലക്ഷ്യമിട്ടത്.
ബാങ്കിന്റെ സ്ട്രാറ്റജിക് അലയൻസസ് ആൻഡ് ഡിജിറ്റൽ ബിസിനസ് ഡിപ്പാർട്ട്മെന്റാണ് സീഡ് ഉച്ചകോടി സംഘടിപ്പിച്ചത്. റീട്ടെയിൽ, കൃഷി, എംഎസ്എംഇ മേഖലകളിൽ കോ-ലെൻഡിംഗ് പങ്കാളികളെ പ്രയോജനപ്പെടുത്താനുള്ള ബാങ്കിന്റെ ദീർഘകാല കാഴ്ചപ്പാടുമായി യോജിച്ചുപോകുന്നതാണ് ഈ നീക്കങ്ങൾ.
പ്രമുഖ എൻബിഎഫ്സികൾ, എച്ച്എഫ്സികൾ എന്നിവ പങ്കെടുത്ത ഉച്ചകോടിയിൽ ബാങ്കുമായി സഹകരിക്കാവുന്ന വിവിധ കോ-ലെൻഡിംഗ് സംവിധാനങ്ങൾ അവതരിപ്പിച്ചു.
ഭവനവായ്പകൾ, പേഴ്സണൽ വായ്പകൾ, ബിഎൻപിഎൽ (ഇപ്പോൾ വാങ്ങി പിന്നീടു പണംനൽകുന്ന രീതി ) കാർഷിക കാർഷികേതര സ്വർണപ്പണയ വായ്പകൾ, പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങൾക്കുള്ള റീട്ടെയിൽ, വാണിജ്യവായ്പകൾ, സുരക്ഷിതവും അല്ലാത്തതുമായ വിദ്യാഭ്യാസവായ്പകൾ എന്നിവയ്ക്കു സഹായകരമാകുന്ന നിരവധി കോ-ലെൻഡിംഗ് സംവിധനങ്ങളെപ്പറ്റിയും ഉച്ചകോടിയിൽ ചർച്ചചെയ്തു.