ജനറൽ ആസിം മുനീർ പാക് പ്രസിഡന്റാകുമെന്ന്
Thursday, July 17, 2025 12:52 AM IST
ഇസ്ലാമാബാദ്: പക്കിസ്ഥാനിൽ സൈനിക മേധാവി ആസിം മുനീർ പ്രസിഡന്റാകുമെന്ന് അഭ്യൂഹം. ഈ മാസം ഇതു മൂന്നാം തവണയാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത്.
ചൊവ്വാഴ്ച പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് പ്രസിഡന്റ് ആസിഫ് അലി സർദാരിയുമായും തുടർന്ന് ആസിം മുനീറുമായും കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹം ശക്തിപ്പെട്ടു.
സർദാരി രാജിവച്ച് ആസിം മുനീർ പ്രസിഡന്റാകുമെന്ന് ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായി. കിംവദന്തികൾക്ക് അടിസ്ഥാനമില്ലെന്നു പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പ്രതികരിച്ചു.