ഇസ്രേലി സേന ഡമാസ്കസിൽ ബോംബിട്ടു
Thursday, July 17, 2025 12:52 AM IST
ഡമാസ്കസ്: സിറിയയിൽ സർക്കാർ സേനയും ദ്രൂസ് ന്യൂനപക്ഷവും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ പരാജയം. ഇരു വിഭാഗവും ഇന്നലെയും ഏറ്റുമുട്ടി. ദ്രൂസ് വിഭാഗത്തിനായി രംഗത്തിറങ്ങിയ ഇസ്രേലി സേന സിറിയൻ തലസ്ഥാനമായ ഡമാസ്കസിലടക്കം വ്യോമാക്രമണം നടത്തി.
തിങ്കളാഴ്ച സുവെയ്ദ പ്രവിശ്യയിൽ സുന്നി ബദൂയിൻ ഗോത്രവും ദ്രൂസുകളും തമ്മിലാണ് ഏറ്റുമുട്ടലാരംഭിച്ചത്. സംഘർഷം അവസാനിപ്പിക്കാനായി മേഖലയിൽ വിന്യസിക്കപ്പെട്ട സർക്കാർ സേന പിന്നീട് ദ്രൂസുകളുമായി ഏറ്റുമുട്ടുകയായിരുന്നു.
ഇതുവരെ എത്രപേർ മരിച്ചുവെന്ന് സിറിയൻ സർക്കാർ വ്യക്തമാക്കിയിട്ടില്ല. 250ലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് സിറിയൻ ഒബ്സർവേറ്ററി എന്ന സംഘടന അറിയിച്ചത്.
ഇസ്രേലി സേന ഇന്നലെ ഡമാസ്കസിലെ സിറിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ കവാടത്തിനു നേർക്ക് ബോംബാക്രമണം നടത്തി. ദ്രൂസുകളുടെ മേഖലയിൽനിന്നു സിറിയൻ സേന പിന്മാറുന്നതുവരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് അറിയിച്ചു.