50 ദിവസത്തിനുള്ളിൽ വെടിനിർത്തിയില്ലെങ്കിൽ റഷ്യക്കുമേൽ കടുത്ത ഉപരോധമെന്ന് ട്രംപ്
Tuesday, July 15, 2025 12:14 AM IST
വാഷിംഗ്ടൺ ഡിസി/കീവ്: അന്പതു ദിവസത്തിനുള്ളിൽ യുക്രെയ്നുമായി വെടിനിർത്തലിനു തയാറായില്ലെങ്കിൽ റഷ്യക്കെതിരേ കടുത്ത ഉപരോധങ്ങൾ പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വെടിനിർത്തൽ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ സമീപനം നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. വൈറ്റ്ഹൗസിൽ നാറ്റോ മേധാവി മാർക്ക് റട്ടയുമായി കുടിക്കാഴ്ച നടത്തുകയായിരുന്നു ട്രംപ്.
യുക്രെയ്നു കൂടുതൽ ആയുധങ്ങൾ നല്കുമെന്ന് ഇതിനുമുന്പ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. പേട്രിയറ്റ് വ്യോമപ്രതിരോധ മിസൈലുകൾ അധികമായി നല്കാനുള്ള തീരുമാനം അദ്ദേഹം അറിയിച്ചു. റഷ്യക്കുള്ളിൽ ആക്രമണം നടത്താൻ ശേഷിയുള്ള ദീർഘദൂര മിസൈലുകളും ട്രംപ് യുക്രെയ്നു നല്കുമെന്നാണ് സൂചന.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വെടിനിർത്തൽ നീക്കങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാത്ത പശ്ചാത്തലത്തിലാണ് ട്രംപിന്റെ നീക്കങ്ങൾ. ആദ്യകാലത്ത് പുടിനെ പിന്തുണയ്ക്കുകയും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയെ ഇകഴ്ത്തിപ്പറയുകയും ചെയ്തിരുന്ന ട്രംപ് നയം മാറ്റിയിരിക്കുകയാണ്. പുടിൻ ആകർഷകമായി സംസാരിച്ചശേഷം വൈകിട്ട് എല്ലാവരുടെയും മേൽ ബോംബിടുകയാണെന്ന് ട്രംപ് കഴിഞ്ഞദിവസം ആരോപിച്ചു.
റഷ്യൻ വ്യോമാക്രമണം തടയുന്നതിൽ നിർണായക പങ്കുവഹിക്കുന്ന പേട്രിയറ്റ് മിസൈലുകൾ നല്കാനുള്ള ട്രംപിന്റെ നീക്കം യുക്രെയ്നു വലിയ സഹായമാകും. ദിവസവും നൂറുകണക്കിനു ഡ്രോണുകളും മിസൈലുകളുമാണ് റഷ്യ യുക്രെയ്നു നേർക്കു പ്രയോഗിക്കുന്നത്. പേട്രിയറ്റ് മിസൈലുകൾക്കുള്ള ചെലവ് യൂറോപ്യൻ യൂണിയൻ വഹിക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
ജർമൻ വിദേശകാര്യമന്ത്രി ബോറിസ് പിസ്റ്റോറിയസ് വൈകാതെ ട്രംപിനെ കാണുന്നുണ്ട്. യുക്രെയ്ന് അമേരിക്ക നല്കുന്ന പേട്രിയറ്റ് മിസൈലിന്റെ ചെലവ് ജർമനി വഹിക്കുമെന്നാണ് സൂചന.
ഇതിനിടെ, ട്രംപിന്റെ യുക്രെയ്ൻകാര്യ പ്രതിനിധി കീത്ത് കെല്ലോഗ് ഇന്നലെ കീവിലെത്തി പ്രസിഡന്റ് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി.