റോമിൽ യുവജന ജൂബിലി ആഘോഷം 28 മുതൽ
Monday, July 14, 2025 1:48 AM IST
വത്തിക്കാൻ സിറ്റി: 2025 ജൂബിലി വർഷത്തിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ഈമാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ റോമിൽ നടക്കും. ‘പ്രത്യാശയുടെ തീർഥാടകർ’ എന്ന പ്രമേയത്തിൽ നടക്കുന്ന ജൂബിലിയാഘോഷം 18നും 35നും ഇടയിൽ പ്രായമുള്ള ലോകമെങ്ങുംനിന്നുള്ള യുവജനങ്ങളുടെ സംഗമവേദികൂടിയായിരിക്കും.
ഈമാസം 29ന് വൈകുന്നേരം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയോടെയാണ് ഔദ്യോഗികമായി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. ഓഗസ്റ്റ് ഒന്നിന് റോമിലെ ചിർക്കോ മാസിമോ സ്റ്റേഡിയത്തിൽ അനുരഞ്ജന കൂദാശയുടെ ആഘോഷവും നടക്കും. രണ്ടിന് തെക്കുകിഴക്കൻ റോമിലെ തോർ വെർഗാത്ത യൂണിവേഴ്സിറ്റി കാന്പസിൽ നടക്കുന്ന ജാഗരണ പ്രാർഥനയോടെയും പിറ്റേദിവസം രാവിലെ നടക്കുന്ന വിശുദ്ധ കുർബാനയോടെയും ജൂബിലി ആഘോഷങ്ങൾ സമാപിക്കും. ജാഗരണ പ്രാർഥനയിലും വിശുദ്ധ കുർബാനയിലും ലെയോ പതിനാലാമൻ മാർപാപ്പ പങ്കെടുക്കും.
ജൂബിലിയോടനുബന്ധിച്ച് വിവിധ സാംസ്കാരിക പരിപാടികൾ, പ്രാർഥനാസമ്മേളനങ്ങൾ, കൂട്ടായ്മകൾ, വിശുദ്ധ വാതിൽ പ്രവേശനം, അനുരഞ്ജനകൂദാശ സ്വീകരണം, ജാഗരണ പ്രാർഥനകൾ, ആരാധനകൾ എന്നിവ ഉണ്ടായിരിക്കും. യുവജന തീർഥാടകർക്കായുള്ള മാർഗനിർദേശങ്ങളടങ്ങിയ ലഘുലേഖ വത്തിക്കാന്റെ സുവിശേഷവത്കരണത്തിനായുള്ള കാര്യാലയം പ്രസിദ്ധീകരിച്ചു. മാർഗരേഖയുടെ ഓൺലൈൻ പതിപ്പും ലഭ്യമാണ്.
ഇതോടൊപ്പം ജൂബിലിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ അറിയുവാൻ Iubilaeum25 എന്നപേരിൽ മൊബൈൽ ആപ്ലിക്കേഷനും കാര്യാലയം പുറത്തിറക്കിയിട്ടുണ്ട്.
യുവജനങ്ങൾക്ക് വാഴ്ത്തപ്പെട്ട ഫ്രസാത്തിയുടെ ഭൗതികദേഹം വണങ്ങാൻ അവസരം
യുവജന ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസാത്തിയുടെ അഴുകാത്ത ശരീരം സൂക്ഷിച്ചിരിക്കുന്ന പേടകം ഈമാസം 26 മുതൽ ഓഗസ്റ്റ് നാലുവരെ റോമിൽ പൊതുവണക്കത്തിന് പ്രതിഷ്ഠിക്കും.
ടൂറിനിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം റോമിലെ സാന്താ മരിയ സോപ്ര മിനർവ ബസിലിക്കയിലാണു പൊതുവണക്കത്തിന് എത്തിക്കുക. ഫ്രസാത്തിയെ ഓഗസ്റ്റ് മൂന്നിന് യുവജന ജൂബിലി ആഘോഷവേളയിൽ വിശുദ്ധനായി പ്രഖ്യാപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സെപ്റ്റംബർ ഏഴിന് വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിനൊപ്പം വിശുദ്ധനായി പ്രഖ്യാപിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ തീരുമാനിക്കുകയായിരുന്നു.
2008ൽ ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടന്ന ലോക യുവജന ദിനാഘോഷത്തിൽ കർദിനാൾ ജോർജ് പെല്ലിന്റെ അഭ്യർഥനപ്രകാരം വാഴ്ത്തപ്പെട്ട ഫ്രസാത്തിയുടെ തിരുശേഷിപ്പുകൾ എത്തിച്ചിരുന്നു. 1901ൽ ടൂറിനിലെ ഒരു പ്രമുഖ കുടുംബത്തിലാണ് ഫ്രസാത്തി ജനിച്ചത്. ആഴത്തിലുള്ള ദൈവവിശ്വാസത്തിനൊപ്പം പാവങ്ങളെ സഹായിക്കാനുള്ള പ്രത്യേക താത്പര്യം കുട്ടിക്കാലംമുതൽ അദ്ദേഹത്തെ വ്യത്യസ്തനാക്കി. 1925 ജൂലൈ നാലിന് പോളിയോ ബാധിച്ചായിരുന്നു മരണം. മരണത്തിന്റെ നൂറാം വാർഷികാചരണം നടന്നുവരികയാണ്. നാമകരണ നടപടികളുടെ ഭാഗമായി 1981ൽ ഭൗതികദേഹപേടകം തുറന്നപ്പോൾ അഴുകാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.