നൈജീരിയയില്‍ മൂന്നു വൈദിക വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി
Tuesday, July 15, 2025 2:52 AM IST
അബൂജ: നൈജീരിയയിലെ ഔച്ചി രൂപതയുടെ കീഴിലുള്ള സെമിനാരിയില്‍നിന്ന് മൂന്നു വൈദികവിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ പത്തിനു രാത്രി ഒന്‍പതിനായിരുന്നു സംഭവം.
എഡോ സംസ്ഥാനത്തെ എറ്റ്സാക്കോ ഈസ്റ്റ് പ്രാദേശിക ഗവണ്മെന്റ് ഏരിയ (എൽജിഎ)യിലെ ഇവിയാനോക്പോദിയിൽ സ്ഥിതിചെയ്യുന്ന ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയിലെ വിദ്യാർഥികളെയാണു തട്ടിക്കൊണ്ടുപോയത്.
സെമിനാരിക്കുള്ളിലേക്ക് ഇരച്ചുകയറിയ തോക്കുധാരികൾ ഉൾപ്പെടുന്ന സംഘം വെടിവയ്പു നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വസ്തുവകകൾ കൊള്ളയടിച്ചു വൈദികവിദ്യാർഥികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ആക്രമണത്തിനിടെ സെമിനാരിയിലെ സുരക്ഷാജീവനക്കാരനായ ക്രിസ്റ്റഫർ അവെനെഗീം കൊല്ലപ്പെട്ടു.
വൈദികവിദ്യാർഥികളെ നിബിഢ വനപ്രദേശത്തേക്കാണു തട്ടിക്കൊണ്ടുപോയതെന്ന് ഔച്ചി രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. പീറ്റർ എഗിലേവ വ്യക്തമാക്കി. വിദ്യാർഥികളുമായി ബന്ധപ്പെടാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സെമിനാരിവിദ്യാർഥികളുടെ വേഗത്തിലുള്ള മോചനത്തിനായി നൈജീരിയന്‍ മെത്രാന്‍സമിതി പ്രാർഥനാസഹായം അഭ്യർഥിച്ചു. ഭീഷണി കണക്കിലെടുത്ത് സെമിനാരിയിലെ മറ്റു വിദ്യാർഥികളെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റിയതായി രൂപതനേതൃത്വം അറിയിച്ചു.