ക്യൂബയിൽ യാചകർ ഇല്ലെന്നു പറഞ്ഞ മന്ത്രി രാജിവച്ചു
Thursday, July 17, 2025 12:52 AM IST
ഹവാന: ക്യൂബയിൽ യാചകരില്ല എന്നുപറഞ്ഞ തൊഴിൽവകുപ്പ് മന്ത്രി മാർത്ത എലേന ഫെയ്റ്റോ കബ്രേറയ്ക്കു രാജിവയ്ക്കേണ്ടിവന്നു. രാജ്യത്തെ കമ്യൂണിസ്റ്റ് നേതാക്കൾക്കു പുറമേ വിദേശ രാജ്യങ്ങളിലെ ക്യൂബൻ വംശജരും മന്ത്രിക്കെതിരേ വിമർശനം ഉയർത്തിയിരുന്നു.
ക്യൂബയിൽ യാചകരില്ലെന്നും എളുപ്പത്തിൽ പണമുണ്ടാക്കാനായി ചലർ യാചകവേഷം കെട്ടിനടക്കുകയാണെന്നുമാണു മന്ത്രി പാർലമെന്റിൽ പറഞ്ഞത്. ജനങ്ങൾ കുപ്പത്തൊട്ടികൾ ചികയുന്നതു നിയമവിരുദ്ധമാണെന്നും കൂട്ടിച്ചേർത്തു.
പതിറ്റാണ്ടുകളായുള്ള അമേരിക്കൻ ഉപരോധവും കമ്യൂണിസ്റ്റ്നയങ്ങളും മൂലം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന ക്യൂബയിലെ ജനങ്ങളുടെ പ്രതിസന്ധി മനസിലാക്കാതെയാണ് മന്ത്രി സംസാരിച്ചതെന്നു വിമർശനമുയർന്നു. ഈ സാചര്യത്തിൽ പ്രസിഡന്റ് മിഗുവേൽ ഡയസ് കാനൽ രാജിചോദിച്ചു വാങ്ങിയെന്നാണു റിപ്പോർട്ട്.
ക്യൂബയിൽ ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയ്ക്കു കടുത്ത ക്ഷാമമുണ്ട്. ജനങ്ങൾ ചവറുകൂനകൾ ചികയുന്നതും വഴിയോരത്ത് കിടന്നുറങ്ങുന്നതും സാധാരണ കാഴ്ചയാണ്.