യുദ്ധം അവസാനിപ്പിക്കണം: നെതന്യാഹുവിനോടു മാർപാപ്പ
Saturday, July 19, 2025 2:13 AM IST
ജറൂസലെം: ഗാസ സിറ്റിയിലെ ഹോളിഫാമിലി പള്ളിക്കുനേരേ ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ മൂന്നു വിശ്വാസികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം പുകയുന്നതിനിടെ ലെയോ പതിനാലാമൻ മാർപാപ്പയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖേദം പ്രകടിപ്പിച്ചു. മാർപാപ്പയുമായി ഒരു മണിക്കൂർ നീണ്ടുനിന്ന ഫോൺസംഭാഷണം സൗഹാർദപരമായിരുന്നുവെന്ന് നെതന്യാഹു പറഞ്ഞു.
എത്രയുംവേഗം വെടിനിർത്തൽ സാധ്യമാക്കണമെന്നും ഇതിനായി ചർച്ചകൾ ആരംഭിക്കണമെന്നും മാർപാപ്പ അഭ്യർഥിച്ചു. യുദ്ധം മൂലം ഗാസയിലെ ജനത, പ്രത്യേകിച്ച് കുട്ടികളും വൃദ്ധരും രോഗികളും നേരിടുന്ന കടുത്ത ദുരിതത്തിൽ മാർപാപ്പ ആശങ്ക പ്രകടിപ്പിച്ചു. ഇനി ഇരകൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം.
കൂട്ടക്കൊല അവസാനിപ്പിക്കേണ്ട സമയമാണിത്. സംഭവിച്ചതു ന്യായീകരിക്കാനാകാത്തതാണ്. ഇസ്രയേലിലെയും പലസ്തീൻ പ്രദേശങ്ങളിലെയും ആരാധനാലയങ്ങളെയും എല്ലാ ജനങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ അടിയന്തര ആവശ്യവും നെതന്യാഹുവിനോട് മാർപാപ്പ വ്യക്തമാക്കി.
ഗാസയിലെ ഏക കത്തോലിക്കാ പള്ളിക്കുനേരേ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജറൂസലെമിലെ ലാറ്റിന്‍ പാത്രിയർക്കീസ് പിയർബാത്തിസ്ത പിസബല്ലയുമായും ലെയോ പതിനാലാമൻ മാർപാപ്പ ഫോണിൽ സംസാരിച്ചു.
ഗാസയിലെ അതീവ ദുരിതസാഹചര്യം കണക്കിലെടുത്ത് ടൺകണക്കിന് മാനുഷിക സഹായവുമായി ജറൂസലെമിലെ ഓർത്തഡോക്സ് പാത്രിയർക്കീസ് തിയോഫിലോസ് മൂന്നാമനോടൊപ്പം കർദിനാൾ പിയർബാത്തിസ്ത പിസബല്ല ഗാസയിലെത്തിയിട്ടുണ്ട്.
പള്ളിക്കുനേരേയുണ്ടായ ആക്രമണത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യൂറോപ്യൻ രാജ്യങ്ങളും അപലപിച്ചിരുന്നു. നെതന്യാഹുവിനെ ഫോണിൽ വിളിച്ചു ട്രംപ് പ്രതിഷേധം അറിയിച്ചതായാണ് റിപ്പോർട്ട്. ഇക്കാര്യം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ട്രംപിന്റെ സമ്മർദത്തെത്തുടർന്നാണു നെതന്യാഹു മാർപാപ്പയെ ഫോണിൽ വിളിച്ചു ക്ഷമാപണം നടത്തിയതെന്നാണു റിപ്പോർട്ട്.
പള്ളിക്കുനേരേയുണ്ടായ ആക്രമണം അബദ്ധവശാൽ സംഭവിച്ചതാണെന്നു പറഞ്ഞ ഇസ്രേലി സേന, മാപ്പു ചോദിക്കുന്നുവെന്നും അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും സാധാരണക്കാരെയും ആരാധനാലയങ്ങളെയും സംരക്ഷിക്കണമെന്നതു പ്രഖ്യാപിത നിലപാടാണെന്നും ഇസ്രേലി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
ഗാസയിലെ ഹോളി ഫാമിലി പള്ളിക്കുനേരേ ഇസ്രേലി സേന നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്നുപേർ മരിച്ചതിനു പുറമെ വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഉൾപ്പെടെ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ക്രൈസ്തവരെ കൂടാതെ നിരവധി ഇസ്ലാം മതസ്ഥര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ക്ക് അഭയകേന്ദ്രമായിരുന്നു ഈ പള്ളി.