സത്യജിത് റേയുടെ ജന്മഗൃഹം പൊളിക്കുന്നില്ലെന്ന് ബംഗ്ലാദേശ്
Friday, July 18, 2025 2:42 AM IST
ധാക്ക: വിഖ്യാത ചലച്ചിത്രകാരൻ സത്യജിത് റേയുടെ ജന്മഗൃഹം ഇടിച്ചുനിരത്തുന്നതിനുള്ള നടപടികൾ ബംഗ്ലാദേശ് സർക്കാർ താത്കാലികമായി നിർത്തിവച്ചു. മൈമെൻസിംഗിൽ സ്ഥിതിചെയ്യുന്ന വീടിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്.
പൊതുജനങ്ങൾ ഉയർത്തിയ കനത്ത പ്രതിഷേധമാണു തീരുമാനത്തിനു പിന്നിലെന്നാണ് വാർത്തകൾ. എന്നാൽ, വീട് സത്യജിത് റേയുടെ ജന്മഗൃഹമല്ലെന്നും വിദഗ്ധരുടെ വിലയിരുത്തലുകൾ അത്തരത്തിലാണെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞതായി ഒരു ബംഗ്ലാദേശി ദിനപത്രം റിപ്പോർട്ട് ചെയ്തു.
ആർക്കിയോളജി വിഭാഗത്തിലെ ഫീൽ്ഡ് ഓഫീസർ സബീന യാസ്മിനാണ് ഈ പഴയ കെട്ടിടം റേയുടെ ജന്മഗൃഹമാണെന്നു കണ്ടെത്തിയത്. ഇത് ചരിത്രസ്മാരമായി സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അവർ ജില്ലാ ശിശുകാര്യ ഉദ്യോഗസ്ഥന് കത്തെഴുതുകയും ചെയ്തിട്ടുണ്ട്.
സത്യജിത് റേയുടെ മുത്തച്ഛനും സാഹിത്യകാരനുമായിരുന്ന ഉപേന്ദ്രകിഷോർ സിംഗ് ചൗധരിയുടെ തറവാടാണിതെന്ന് ഒരു വിഭാഗം കരുതുന്പോൾ, കെട്ടിടം മഹാരാജ ശശികാന്തോ ആചാര്യ ചൗധരിരിയോ നിർമിച്ചതാണെന്നു മറ്റൊരു വിഭാഗം വിശ്വസിക്കുന്നു.
കെട്ടിടം സംരക്ഷിക്കുന്നതിനായി ബംഗ്ലാദേശ് സർക്കാരുമായി സഹകരിക്കാനുള്ള സന്നദ്ധതയറിയിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരും മുന്നോട്ടുവന്നിരുന്നു.