ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു
Saturday, July 19, 2025 2:13 AM IST
വാഷിംഗ്ടൺ ഡിസി: പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ‘ദ റെസിസ്റ്റൻസ് ഫ്രണ്ടിനെ’ (ടിആർഎഫ്) ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ്.
ലഷ്കർ-ഇ-തൊയ്ബയുടെ (എൽഇടി) നിഴൽ സംഘടനയായ ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പ്രസ്താവനയിൽ അറിയിച്ചു.
ലഷ്കർ ഇ തൊയ്ബ നടത്തിയ മുംബൈ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും മാരക ആക്രമണമാണു പഹൽഗാമിലുണ്ടായത്. ഇന്ത്യൻ സുരക്ഷാസേനയ്ക്കെതിരായ നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്വവും ടിആർഎഫ് ഏറ്റെടുത്തിട്ടുണ്ട്.
പഹൽഗാം ആക്രമണത്തിന് നീതി ലഭിക്കണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഹ്വാനം നടപ്പിലാക്കാനുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് നടപടികളെന്നും റൂബിയോ പ്രസ്താവനയിൽ പറഞ്ഞു. ഭീകരവിരുദ്ധ പോരാട്ടത്തിൽ ഇന്ത്യ-യുഎസ് സഹകരണം എത്രത്തോളം ശക്തമാണെന്ന് ഈ പ്രഖ്യാപനം കാണിക്കുന്നതായി വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി പ്രതികരിച്ചു.
അതേസമയം, ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച നടപടിയെ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നതായി ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
ഭീകരതയ്ക്കെതിരായ പോരാട്ടത്തിലും ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിലും ആഗോള സഹകരണത്തിന്റെ ആവശ്യകത ഇന്ത്യ നിരന്തരം ഊന്നിപ്പറഞ്ഞിട്ടുണ്ട്.
ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആഴത്തിലുള്ള സഹകരണത്തെ പ്രതിഫലിപ്പിക്കുന്ന പ്രധാനപ്പെട്ട ചുവടുവയ്പാണിതെന്ന് ഇന്ത്യ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.