അമേരിക്കൻ മലയാളി വ്യവസായി ഡോ. എം. അനിരുദ്ധൻ അന്തരിച്ചു
Saturday, July 19, 2025 2:13 AM IST
ഷിക്കാഗോ: നോർക്ക റൂട്ട്സ് ഡയറക്ടറും ലോകകേരളസഭ അംഗവും വ്യവസായിയും ശാസ്ത്ര ഗവേഷകനും വടക്കേ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റുമായ ഡോ. എം. അനിരുദ്ധൻ (82) അന്തരിച്ചു.
കൊല്ലം ഓച്ചിറ സ്വദേശിയാണ്. വടക്കേ അമേരിക്കയിലെ മലയാളി കൂട്ടായ്മയായ ഫൊക്കാനയ്ക്ക് 1983 ൽ രൂപം നൽകിയത് ഡോ. അനിരുദ്ധനാണ്. പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ലോകകേരളസഭയുടെ തുടക്കം മുതലുള്ള അംഗമായിരുന്നു ഡോ. അനിരുദ്ധൻ. കോവിഡ് കാലത്തും പ്രളയകാലത്തും കേരളത്തിന് സഹായമെത്തിച്ചു.
നിരവധി ഭക്ഷ്യോത്പാദന കന്പനികളുടെ കണ്‍സൾട്ടന്റായിരുന്നു. അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) ഫുഡ് ലേബൽ റെഗുലേറ്ററി കമ്മിറ്റിയിലും അംഗമായിരുന്നു. അമേരിക്കയിലെ നാഷണൽ ഫുഡ് പ്രൊസസേഴ്സ് അസോസിയേഷൻ മികച്ച റിസർച്ച് ആൻഡ് ഡവലപ്മെന്റ് ശാസ്ത്രജ്ഞനുള്ള പുരസ്കാരം നൽകി ആദരിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ പോഷകാഹാര ഉത്പാദകരായ സാൻഡോസിന്റെ ഗവേഷണവിഭാഗം തലവനായി 10 വർഷം പ്രവർത്തിച്ചു. കുട്ടികൾക്കായുള്ള പോഷകങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ ഗവേഷണം നടത്തി. സ്വന്തമായി വ്യവസായ ശൃംഖല സ്ഥാപിച്ചു.
സാൻഡോസിന് വേണ്ടി സ്പോർട്സ് ന്യൂട്രീഷ്യൻ ഉത്പന്നമായ ഐസോ സ്റ്റാർ വികസിപ്പിച്ചെടുത്തത് അനിരുദ്ധൻ അടങ്ങുന്ന സംഘമാണ്. ഭാര്യ: നിഷ. മക്കൾ: ഡോ. അനൂപ്, അരുണ്‍.