തട്ടിക്കൊണ്ടുപോയ വൈദികവിദ്യാർഥികളെ മോചിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് അക്രമികള്‍
Thursday, July 17, 2025 12:52 AM IST
അബുജ: നൈജീരിയയിലെ എഡോ സംസ്ഥാനത്തെ ഇവിയാനോക്പോഡിയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയിൽനിന്നു തട്ടിക്കൊണ്ടുപോയ വൈദികവിദ്യാർഥികളെ മോചിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് അക്രമികള്‍.
മൂന്ന് വൈദികവിദ്യാർഥികളെയും മോചിപ്പിക്കണമെങ്കില്‍ ആവശ്യപ്പെടുന്ന പണം നല്‍കണമെന്നാണ് തട്ടിക്കൊണ്ടുപോയവർ രൂപതയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അക്രമികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ട കാര്യം ഓച്ചി രൂപത ബിഷപ് ഗബ്രിയേൽ ഗിയാഖോമോ ദുനിയ സ്ഥിരീകരിച്ചു. വൈദികവിദ്യാർഥികൾ ഇപ്പോഴും തടവിലാണെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താൻ സംസ്ഥാനസർക്കാരും സുരക്ഷാസേനയും ശ്രമിക്കുന്നുണ്ടെങ്കിലും ഒരു തുന്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണസമയത്ത് അവിടെയുണ്ടായിരുന്ന മറ്റു വൈദികവിദ്യാർഥികളെ സുരക്ഷിസ്ഥലത്തേക്കു മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ പത്തിനു രാത്രിയാണ് ആക്രമണമുണ്ടായത്. നിരവധി തോക്കുധാരികൾ ഉള്‍പ്പെടുന്ന സംഘം സെക്യൂരിറ്റി ഗാർഡിനെ വെടിവച്ചുകൊന്നശേഷമാണ് സെമിനാരിക്കുള്ളിലേക്കു കടക്കുകയും വൈദികരെയും വൈദികവിദ്യാർഥികളെയും ആക്രമിക്കുകയും ചെയ്തത്. വൈദികവിദ്യാർഥികളെ വനപ്രദേശത്തേക്കാണു തട്ടിക്കൊണ്ടുപോയത്.