ഹെലൻ ചുഴലിക്കൊടുങ്കാറ്റ്; യുഎസിൽ 63 പേർ മരിച്ചു
Monday, September 30, 2024 12:34 AM IST
മയാമി: ഹെലൻ ചുഴലിക്കൊടുങ്കാറ്റിലും ഇതിനോടനുബന്ധിച്ചുള്ള കനത്ത മഴയിലും അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം 63 ആയി.
ഫ്ലോറിഡ, ജോർജിയ, സൗത്ത് കരോളൈന, നോർത്ത് കരോളൈന, ടെന്നസി സംസ്ഥാനങ്ങളാണു കെടുതി നേരിടുന്നത്. 9,500 മുതൽ 11,000 വരെ കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായെന്നാണു വിലയിരുത്തൽ.
30 ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി. ഫ്ലോറിഡയിൽ ആരംഭിച്ച് ടെന്നസിയിലെത്തിയ കൊടുങ്കാറ്റ് ദുർബലമായെങ്കിലും കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പു നല്കി. നോർത്ത് കരോളൈനയിൽ ഒരുലക്ഷത്തോളം പേർ വസിക്കുന്ന ആഷ്വിൽ നഗരം വെള്ളപ്പൊക്കത്തെത്തുടർന്ന് ഒറ്റപ്പെട്ടു. ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടക്കുന്നു.