ജയിലിൽനിന്നു കുറ്റവാളികളെ റിക്രൂട്ട് ചെയ്ത് വാഗ്്നർ ഗ്രൂപ്പ്
Thursday, September 15, 2022 11:33 PM IST
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനോട് അടുപ്പമുള്ള സ്വകാര്യ സായുധസേനയായ വാഗ്നർ ഗ്രൂപ്പ് യുക്രെയ്നിൽ പോരാടുന്നതിനായി റഷ്യൻ ജയിലിൽനിന്നു കുറ്റവാളികളെ റിക്രൂട്ട് ചെയ്യാൻ ശ്രമം നടത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വാഗ്നർ ഗ്രൂപ്പ് മേധാവിയായ യെവ്ജിനി പ്രിഗോഷിൻ ഒരു വലിയകൂട്ടം കുറ്റവാളികളെ അഭിസംബോധന ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണു പുറത്തായത്.
വാഗ്നർ ഗ്രൂപ്പിനുവേണ്ടി ആറു മാസം സേവനം ചെയ്താൽ ജയിൽമോചിതരാകുമെന്നാണു ജയിൽപ്പുള്ളികൾക്കുള്ള പ്രിഗോഷിന്റെ വാഗ്ദാനം. യുക്രെയ്നിലെത്തിയശേഷം ഒളിച്ചോടിയാൽ തേടിപ്പിടിച്ചു കൊന്നുകളയുമെന്നും പ്രിഗോഷിന്റെ മുന്നറിയിപ്പുണ്ട്. വീഡിയോ എന്നു ഷൂട്ട് ചെയ്തതാണെന്നോ ആരാണു പകർത്തിയതെന്നോ വ്യക്തമല്ല. എന്നാൽ, റഷ്യയിലെ സെൻട്രൽ മാരിയ എൽ റിപ്പബ്ളിക്കിലെ പീനൽ കോളനിയിൽനിന്നാണു ദൃശ്യങ്ങൾ പകർത്തിയതെന്നു ബിബിസി അന്വേഷണത്തിൽ കണ്ടെത്തി.
കുറ്റവാളികളെ റിക്രൂട്ട് ചെയ്തു സൈനികശക്തി വർധിപ്പിക്കാൻ റഷ്യ ശ്രമിക്കുന്നതായി മുന്പുതന്നെ ആരോപണമുയർന്നിരുന്നു. സൈനിക സേവനത്തിനു പകരമായി ശിക്ഷ ഇളവുചെയ്യുന്ന സന്പ്രദായം റഷ്യൻ നിയമം അനുവദിക്കുന്നില്ല.
പുടിന്റെ അടുപ്പക്കാരനാണു പ്രിഗോഷിൻ. യുക്രെയ്ൻ, സിറിയ, നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ വാഗ്നർ ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്. വാഗ്നർ ഗ്രൂപ്പുമായുള്ള ബന്ധം പുടിൻ നിഷേധിച്ചിരുന്നു. മുൻ റഷ്യൻ സൈനിക ഉദ്യോഗസ്ഥനായ ദിമിത്രി ഉട്കിനാണു വാഗ്നർ ഗ്രൂപ്പിന്റെ സ്ഥാപകനെന്നാണു കരുതപ്പെടുന്നത്.