സൗദി വ്യോമാക്രമണം: യെമനിൽ മരണം 82 ആയി
Sunday, January 23, 2022 1:27 AM IST
കയ്റോ: യെമനിൽ ഹൂതി വിമതരുടെ മേൽനോട്ടത്തിലുള്ള ജയിലിൽ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 82 ആയി. 265 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. രാജ്യത്തെ ഇന്റർനെറ്റ് സൗകര്യങ്ങൾ തകർന്നിരിക്കുകയാണ്. ആക്രമണത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചു.
വെള്ളിയാഴ്ച നോർത്തേണ് സാദ പ്രവിശ്യയിലെ ജയിലിനുനേർക്കാണു വ്യോമാക്രമണമുണ്ടായത്. ആഴ്ചയുടെ തുടക്കത്തിൽ യുഎഇ തലസ്ഥാനത്ത് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമുണ്ടായിരുന്നു. ഇതിന്റെ മറുപടിയെന്നോണമാണു സഖ്യസേനയുടെ ആക്രമണം.
യുഎഇയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതി വിമതർ ഏറ്റെടുത്തിരുന്നു.
വ്യോമാക്രമണത്തെത്തുടർന്നു ഷാബ്വ പ്രവിശ്യയുടെ നിയന്ത്രണം ഹൂതികളിൽനിന്നു തിരിച്ചുപിടിച്ചെന്നും മാരിബ് പ്രവിശ്യയുടെ നിയന്ത്രണം പിടിക്കാൻ ശ്രമം തുടരുകയാണെന്നും യെമനിലെ ഭരണകൂട വൃത്തങ്ങൾ അറിയിച്ചു.