ഗുജറാത്തിൽ റോപ്വേ തകർന്ന് ആറുപേർക്ക് ദാരുണാന്ത്യം
Sunday, September 7, 2025 1:36 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ പ്രസിദ്ധമായ പാവഗഡ് ക്ഷേത്രത്തില്‍ റോപ്വേയുടെ കേബിള്‍ തകര്‍ന്ന് ആറുപേർക്ക് ദാരുണാന്ത്യം. പഞ്ച്മഹല്‍ ജില്ലയിലെ പാവഗഡ് മലനിരകളിലെ ശക്തിപീഠിൽ ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് അപകടം.
കാളി ക്ഷേത്രത്തിലേക്കുള്ള നിര്മാണവസ്തുക്കളുമായുള്ള ട്രോളി നാലാമത്തെ ടവറിലെത്തിയപ്പോൾ കേബിൾ പൊട്ടിയതോടെ നിലത്ത് വീഴുകയായിരുന്നു. കൊല്ലപ്പെട്ട അഞ്ചുപേരും ട്രോളിയില്‍ ഉണ്ടായിരുന്നവരാണ്. താഴെ നിന്ന ഒരാളും അപകടത്തില്‍പ്പെട്ടുവെന്ന് ജില്ലാകലക്ടര്‍ അജയ് ദഹ്യ അറിയിച്ചു.
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 800 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ടായിരത്തോളം പടികള്‍ കയറിയോ കേബിള്‍ കാറുകള്‍ ഉപയോഗിച്ചോമാത്രമേ തീർഥാടകർക്ക് ക്ഷേത്രസന്ദർശനം സാധ്യമാകു.
മോശം കാലാവസ്ഥമൂലം യാത്രചെയ്യുന്ന റോപ്പ് വേ അടച്ചിട്ടിരിക്കുകയാണ്. കുന്നിനുമുകളിലുള്ള കാളിദേവി ക്ഷേത്രത്തിൽ പ്രതിവര്‍ഷം ഏകദേശം 2.5 ദശലക്ഷം തീർഥാടകർ സന്ദർശനം നടത്താറുണ്ട്.