ഭിന്നശേഷിക്കാരുടെ മത്സരപരീക്ഷ: സഹായികൾക്കു നിയന്ത്രണം
സ്വന്തം ലേഖകൻ
Friday, September 5, 2025 6:30 AM IST
ന്യൂഡൽഹി: ഭിന്നശേഷിക്കാരുടെ മത്സരപരീക്ഷകളിൽ സഹായികളെ ഉപയോഗിക്കുന്നതിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ. ഭിന്നശേഷിക്കാരുടെ മത്സരപരീക്ഷയിൽ സഹായത്തിനായി എത്തുന്ന സ്ക്രൈബുകൾ എന്നറിയപ്പെടുന്ന സഹായ എഴുത്തുകാരെ പരീക്ഷാസെന്ററുകളിൽത്തന്നെ നൽകുന്ന വിധത്തിലേക്കു മാറ്റാനാണ് പുതിയ നീക്കം.
ഉദ്യോഗാർഥികൾത്തന്നെ സഹായിയെ കൊണ്ടുവരുന്ന രീതിയാണ് നിലവിലുള്ളത്. പുതിയ നീക്കത്തോടെ പരീക്ഷയുടെ സുതാര്യതയും സത്യസന്ധതയും ഉറപ്പാക്കാൻ സാധിക്കുമെന്ന് കേന്ദ്ര സാമൂഹികനീതി ശക്തീകരണ മന്ത്രാലയം വ്യക്തമാക്കി.
പ്രഫഷണൽ, സാങ്കേതിക കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനും കേന്ദ്ര-സംസ്ഥാന സർക്കാരുകളിലേക്കുള്ള ജോലികളുമായി ബന്ധപ്പെട്ട മത്സരാധിഷ്ഠിത എഴുത്തുപരീക്ഷയിലും പുതിയ പരിഷ്കാരം ബാധകമാകും. വികലാംഗരുടെ അവകാശനിയമം 2016, പൊതുപരീക്ഷാ നിയമം 2024 എന്നിവ സംയോജിപ്പിച്ചുകൊണ്ടാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.
സാങ്കേതികസഹായത്തോടെ സ്വന്തമായി പരീക്ഷയെഴുതാൻ ഭിന്നശേഷി ഉദ്യോഗാർഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് മാർഗരേഖ പറയുന്നു. നിർദേശം നടപ്പിലാകുന്നതോടെ ഉദ്യോഗാർഥികൾക്കു പരീക്ഷയെഴുതുന്നതിനുള്ള ആദ്യ ഓപ്ഷനായി സാങ്കേതികവിദ്യയുടെ സഹായമാണ് തെരഞ്ഞെടുക്കാനാകുക. നിർദിഷ്ട സോഫ്റ്റ്വെർ സജ്ജീകരിച്ച കംപ്യൂട്ടറുകൾ, ബ്രെയിൽ ലിപിയിലോ വലിയ അക്ഷരങ്ങളിലോ സജ്ജമാക്കിയ ചോദ്യപ്പേപ്പറുകൾ, റെക്കോർഡിംഗ് ഉപകരണങ്ങൾ പോലുള്ള സാങ്കേതികസഹായങ്ങൾ എന്നിവ ഇത്തരത്തിൽ ലഭ്യമാക്കും. ഇവയുടെ സഹായം തെരഞ്ഞെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രമേ പരീക്ഷാ ഏജൻസികൾ പരിശീലനം നൽകിയ സഹായികളെ ഉപയോഗിക്കാൻ കഴിയൂ. ഇത് ജോലിസ്ഥലങ്ങളിലും മറ്റും ഉദ്യോഗാർഥികളെ കൂടുതൽ സ്വയം പര്യാപ്തരാക്കുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
യുപിഎസ്സി, എസ്എസ്സി, നാഷണൽ ടെസ്റ്റിംഗ് ഏജൻസി തുടങ്ങിയ സ്ഥാപനങ്ങൾ പരിശീലനം ലഭിച്ച എഴുത്ത് സഹായികളുടെ പൂൾ രണ്ടു വർഷത്തിനുള്ളിൽ സൃഷ്ടിക്കണം. അതിനുശേഷം ഉദ്യോഗാർഥികൾ ഇവർ നൽകുന്ന എഴുത്ത് സഹായികളെ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. സഹായികളുടെ യോഗ്യതയും പരിഷ്കരിച്ചിട്ടുണ്ട്. സമാന പരീക്ഷയിൽ അപേക്ഷിച്ചവർക്കു സഹായികളാകാൻ സാധിക്കില്ല. സഹായികളുടെ വിദ്യാഭ്യാസയോഗ്യത ഉദ്യോഗാർഥിയേക്കാൾ രണ്ടോ മൂന്നോ വർഷം കുറവായിരിക്കണം.