ഫാ. സേവ്യര്‍ വടക്കേക്കര മടങ്ങി
ജോണ്‍ മാത്യു
Friday, September 5, 2025 6:30 AM IST
ഡല്‍ഹി: ഡല്‍ഹിയിലെ ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ വൈദ്യശാസ്ത്ര പഠനത്തിനു നല്കിയ കപ്പൂച്ചിന്‍ വൈദികന് റവ.ഡോ. സേവ്യര്‍ വടക്കേക്കരയുടെ ഭൗതിക ശരീരം ഇന്നലെ ഉത്തര്‍പ്രദേശിലെ ദാസ്ന മസൂറിയിലെ ജ്യോതിനികേതന്‍ കപ്പൂച്ചിന്‍ ആശ്രമത്തില്‍ സംസ്കരിച്ചു.
സേവ്യര്‍ അച്ചന്റെ അന്ത്യാഭിലാഷമായിരുന്നു മരണശേഷം തന്റെ ഭൗതികശരീരം ഡല്‍ഹിയിലെ അഖിലേന്ത്യ മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ നല്‍കണമെന്നത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹം സണ്‍ഡേ ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഇതു പറഞ്ഞിരുന്നു.
ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയില്‍ അസുഖം ബാധിച്ച് മരണപ്പെടുമ്പോള്‍ സണ്‍ഡേ ദീപികയിലെ അഭിമുഖമാണ് സഭാധികാരികള്‍ ആധികാരിക രേഖയായി എടുത്തത്. എഐഐഎംഎസ് അധികാരികളും ദീപിക പത്രം മെഡിക്കല്‍ കോളജിലെ അനാട്ടമി ഡിപ്പാര്‍ട്ട്മെന്റിലെ ഭിത്തിയില്‍ ശരീരം ദാനം ചെയ്തവര്‍ക്കൊപ്പം ഫ്രെയിം ചെയ്ത് സൂക്ഷിച്ചു. ശരീരങ്ങള്‍ ദാനം ചെയ്യുന്ന മുറയ്ക്കാണ് ഭിത്തിയില്‍ ഡോണറുടെ ഫോട്ടോയും കൈമാറാനുള്ള രേഖകളും സ്ഥാനംപിടിക്കുന്നത്.
മരണശേഷം തന്റെ ഭൗതികദേഹം ആര്‍ക്കെങ്കിലും പ്രയോജനപ്പെടണം എന്നാഗ്രഹിച്ച അസീസിയിലെ വിശുദ്ധന്റെ ജീവിതം പോലെ തന്നെയായിരുന്നു ഡല്‍ഹിയിലെ മലയാളി കപ്പൂച്ചിന്‍ വൈദികന് ഡോ. സേവ്യര്‍ വടക്കേക്കരയുടേത്. സ്വന്തം മിഴികളുടെ കാഴ്ചവട്ടത്ത് ഇരുള് പടരുമ്പോഴും അപരന്റെ ജീവിതത്തില്‍ പ്രകാശമായ സേവ്യര്‍ അച്ചന് ജീവിക്കുന്ന ഇതിഹാസമായിരുന്നു.
കണ്ണുകളുടെ കാഴ്ച മങ്ങുന്ന അപൂര്‍വമായ ജനിതക രോഗമായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ സഹോദരനും വത്തിക്കാനിലെ തിയോളജി പ്രഫസറുമായ ഫാ. ക്ലീറ്റസ്, ഫാ. ജോ എന്നിവര്‍ക്കും ഈ രോഗം ഉണ്ടായിരുന്നു. പാലാ നീലൂര്‍ സ്വദേശിയായ സേവ്യറച്ചന്റെ ഒമ്പത് സഹോദരങ്ങളില്‍ ഏഴുപേരും സമര്‍പ്പിതരാണ് അഞ്ചു വൈദികര്‍, രണ്ടു പേര് കന്യാസ്ത്രികള്‍.
വൈദ്യശാസ്ത്ര പഠനത്തിന് നല്കുന്ന ശരീരങ്ങള്‍ മന്നു മാസം മുതല്‍ ആറു മാസത്തെ പഠനത്തിന് ശേഷം എയിംസ് അധികാരികള്‍ തന്നെ സംസ്കരിക്കുകയാണ് പതിവ്. 2025 മാര്‍ച്ച് 18നാണ് അച്ചന്റെ ശരീരം എയിംസിന് കൈമാറിയത്, 2025 സെപ്തംബര്‍ മൂന്നിനു സംസ്കരിക്കാനായി തിരികെ ലഭിച്ചു. വൈദികനായതിനാല്‍ മതചടങ്ങുകള്‍ നടത്താന്‍ കപ്പൂച്ചിന്‍ സഭ ആവശ്യം ഉന്നയിച്ചതിനാലാണ് അച്ചന്റെ ഭൗതീക ശരീരം വിട്ടുനല്‍കിയത്.