ദേശീയ റാങ്കിംഗ്: മദ്രാസ് ഐഐടി വീണ്ടും ഒന്നാം സ്ഥാനത്ത്
Friday, September 5, 2025 6:30 AM IST
ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ സര്‍വകലാശാലകളുടെയും കോളജുകളുടെയും പ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാവർഷവും പുറത്തിറക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് 2025 (എന്‍ ഐആര്‍എഫ്) പത്താം പതിപ്പില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി മദ്രാസ് ഐഐടി. തുടര്‍ച്ചയായ ഏഴാം തവണയാണ് രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മദ്രാസ് ഐഐടി ഒന്നാംസ്ഥാനം നിലനിര്‍ത്തുന്നത്.
2016ലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റാങ്കിംഗ് ഏര്‍പ്പെടുത്തിയത്. അന്നുമുതല്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ഒറ്റത്തവണപോലും പിന്നാക്കം പോകാതെ ഒന്നാംറാങ്കില്‍ തുടരുകയാണ് മദ്രാസ് ഐഐടി.
സര്‍വകലാശാല വിഭാഗത്തില്‍ ബംഗളൂരു ഐഐഎസ്സിയാണു മുന്നില്‍. മൊത്തത്തില്‍ മദ്രാസ് ഐഐടിക്ക് തൊട്ടുപിന്നില്‍ രണ്ടാംസ്ഥാനത്താണ് ബംഗളൂരു ഐഐഎസ്സി. സര്‍വകലാശാല റാങ്കിംഗില്‍ ബംഗളൂരു ഐഐഎസ്സിക്കു പിന്നില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു), മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ എന്നിവ സ്ഥാനം പിടിച്ചു. മൊത്തത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ബോംബെ ഐഐടി, ഡല്‍ഹി ഐഐടി, കാൺപുര്‍ ഐഐടി എന്നിവയാണ് മദ്രാസ് ഐഐടിക്കും ബംഗളൂരു ഐഐഎസ്സിക്കും പിന്നില്‍.
എന്‍ജിനിയറിംഗ് കോളജ് വിഭാഗത്തില്‍ മദ്രാസ് ഐഐടിക്കു പിന്നില്‍ ഡല്‍ഹി ഐഐടി, ബോംബെ ഐഐടി, കാൺപുര്‍ ഐഐടി എന്നിവയാണ് ഇടംപിടിച്ചത്. പട്ടികയിലെത്തുന്ന ആദ്യത്തെ സ്വകാര്യ സർവകലാശാല മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷനാണ്.
കോളജുകളുടെ വിഭാഗത്തിൽ ഹിന്ദു കോളജും മിറാൻഡ ഹൗസും ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി. എൻജിനിയറിംഗ് കോളജുകളുടെ ആദ്യ പത്തു സ്ഥാനങ്ങളിൽ ഒന്‍പത് ഐഐടികൾ ഇടംപിടിച്ചു. ഐഐടി അല്ലാത്ത ഒരേയൊരു സ്ഥാപനം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (തിരുച്ചിറപ്പള്ളി) ആണ്. പട്ടികപ്രകാരം രാജ്യത്തെ ഏറ്റവും മികച്ച മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനം ഐഐഎം അഹമ്മദാബാദും ഓപ്പൺ സർവകലാശാല ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുമാണ്. രാജ്യത്തെ 14,163 വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് റാങ്കിംഗിനായി ഈ വര്‍ഷം പരിഗണിച്ചിരുന്നത്.
ആദ്യ 100ൽ കേരളത്തിൽനിന്ന് 18 കോളജുകൾ
ദേശീയ റാങ്കിംഗിൽ ആദ്യ 100 കോളജുകളിൽ കേരളത്തിലെ 18 കോളജുകൾ ഇടം പിടിച്ചതു സംസ്ഥാനത്തിന് നേട്ടമായി.
കോളജും ലഭിച്ച റാങ്കും (ബ്രായ്ക്കറ്റിൽ) ചുവടെ:
രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ്(12), യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം (23), സേക്രഡ് ഹാർട്ട് കോളജ്, തേവര (44), സെന്റ് തോമസ് കോളജ്, തൃശൂർ (53), ഗവ. വനിതാ കോളജ് തിരുവനന്തപുരം (54), സെന്റ് ബർക്കുമാൻസ് കോളജ് (ഓട്ടോണമസ്), ചങ്ങനാശേരി (56), സെന്റ് തെരേസാസ് കോളജ്, എറണാകുളം (60), മാർ ഈവാനിയോസ് കോളജ്, തിരുവനന്തപുരം (61), സെന്റ് ജോസഫ്സ് കോളജ്, ദേവഗിരി, കോഴിക്കോട് (74), മഹാരാജാസ് കോളജ് എറണാകുളം (75), വിമല കോളജ്, തൃശൂർ (78), ഫാറൂഖ് കോളജ്, കോഴിക്കോട് (82), സെന്റ് ജോസഫ് കോളജ്, ഇരിങ്ങാലക്കുട (83), സിഎംഎസ് കോളജ്, കോട്ടയം (86), ക്രൈസ്റ്റ് കോളജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുട (87), മാർ അത്തനേഷ്യസ് കോളജ്, കോതമംഗലം (92), യൂണിയൻ ക്രിസ്ത്യൻ കോളജ്, ആലുവ (96), ഗവ. കോളജ്, ആറ്റിങ്ങൽ(99).
കേരളത്തിലെ സർവകലാശാലകൾക്കു തിളക്കം
തൃശൂർ: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ കേരളത്തിലെ സർവകലാശാലകൾ മികച്ച നേട്ടം കരസ്ഥമാക്കിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. രാജ്യത്തെ മികച്ച പത്ത് പൊതു സർവകലാശാലകളിൽ രണ്ടെണ്ണം കേരളത്തിൽനിന്നാണ്. ആദ്യ 50 റാങ്കുകളിൽ സംസ്ഥാനത്തെ നാലു സർവകലാശാലകൾ ഇടംപിടിച്ചു.
ഓവറോൾ വിഭാഗത്തിൽ 42-ാം റാങ്കും യൂണിവേഴ്സിറ്റി വിഭാഗത്തിൽ 25-ാം റാങ്കും നേടിയ കേരള സർവകലാശാലയാണ് സംസ്ഥാനത്ത് മുന്നിൽ. അതേസമയം, സംസ്ഥാനത്തെ പൊതുസർവകലാശാലകളിൽ അഞ്ചാംസ്ഥാനവും കേരള സർവകലാശാല കരസ്ഥമാക്കി.
കൊച്ചിൻ ശാസ്ത്ര-സാങ്കേതിക സർവകലാശാല (കുസാറ്റ്) ഓവറോൾ വിഭാഗത്തിൽ അന്‍പതാം റാങ്കും യൂണിവേഴ്സിറ്റി വിഭാഗത്തിൽ 32-ാം റാങ്കും നേടി മികച്ച പ്രകടനം കാഴ്ചവച്ചു. സംസ്ഥാന പൊതുസർവകലാശാലകളിൽ ആറാംസ്ഥാനത്താണ് കുസാറ്റ്. 79-ാം ഓവറാൾ റാങ്കും 43-ാം യൂണിവേഴ്സിറ്റി റാങ്കുമായി മഹാത്മാഗാന്ധി സർവകലാശാലയും നേട്ടം കൈവരിച്ചു.
സംസ്ഥാനത്തുനിന്ന് ആകെ 74 സ്ഥാപനങ്ങൾ ആദ്യ 300 റാങ്കുകളിൽ ഇടം നേടിയിട്ടുണ്ട്. രാജ്യത്തെ മികച്ച 100 കോളജുകളുടെ പട്ടികയിൽ ഇത്തവണ കേരളത്തിൽനിന്ന് 18 കോളജുകൾ ഉൾപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞവർഷം ഇത് 16 ആയിരുന്നു. ഉന്നതവിദ്യാഭ്യാസരംഗത്ത് സംസ്ഥാനം കൈവരിക്കുന്ന മുന്നേറ്റത്തിന്റെ തെളിവാണിതെന്നും മന്ത്രി അവകാശപ്പെട്ടു.