ഇന്ത്യ-സിംഗപ്പുർ ബന്ധം നയതന്ത്രത്തിനപ്പുറം: മോദി
ജോർജ് കള്ളിവയലിൽ
Friday, September 5, 2025 6:30 AM IST
ന്യൂഡൽഹി: ഇന്ത്യ-സിംഗപ്പുർ ബന്ധം നയതന്ത്രത്തിനപ്പുറം പോകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിർമിത ബുദ്ധി (എഐ), ക്വാണ്ടം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചതായി മോദി പറഞ്ഞു.
ലോകത്തിലെ ഭൗമരാഷ്ട്രീയ പ്രക്ഷുബ്ധതകളെ മറികടക്കാൻ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ ഇന്ത്യയും സിംഗപ്പൂരും തീരുമാനിച്ചതായി പ്രധാനമന്ത്രി മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗും അറിയിച്ചു. അമേരിക്കയുടെ 50 ശതമാനം അധികതീരുവയുടെ പശ്ചാത്തലത്തിലാണു പ്രസ്താവനയെങ്കിലും അമേരിക്കയുടെ പേരെടുത്തുപറയാതെയാണ് വോംഗ് ഭൗമരാഷ്ട്രീയം പ്രക്ഷുബ്ധമാണെന്നു ചൂണ്ടിക്കാട്ടിയത്.
മോദി-വോംഗ് ചർച്ചകളെത്തുടർന്ന് ഡിജിറ്റൽ ആസ്തി നവീകരണത്തെക്കുറിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സിംഗപ്പുർ മോണിറ്ററി അഥോറിറ്റിയും തമ്മിലുള്ള കരാറടക്കം ഇരുരാജ്യങ്ങളും വിവിധ ഉടന്പടികളിൽ ഒപ്പുവച്ചു. ഡിജിറ്റൽ സാങ്കേതികവിദ്യകളിലും ഭീകരവിരുദ്ധ ശ്രമങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും ഇരുനേതാക്കളും ഇന്നലെ നടത്തിയ ചർച്ചയിൽ ധാരണയായി.
പരന്പരാഗത മേഖലകൾക്കപ്പുറം നൂതന ഉത്പാദനം, ഗ്രീൻ ഷിപ്പിംഗ്, സിവിൽ ആണവോർജം, നൈപുണ്യ വികസനം, നഗര ജല മാനേജ്മെന്റ് എന്നിവയുൾപ്പെടെ സഹകരണത്തിന്റെ പുതിയ വഴികൾ ഇരുപക്ഷവും തിരിച്ചറിഞ്ഞതായി ഹൈദരാബാദ് ഹൗസിൽ നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
ഭീകരതയ്ക്കെതിരേ ഐക്യത്തോടെ പോരാടുകയെന്നത് മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാ രാജ്യങ്ങളുടെയും കടമയാണെന്ന് താനും വോംഗും വിശ്വസിക്കുന്നതായി മോദി കൂട്ടിച്ചേർത്തു.