ബംഗാൾ നിയമസഭയിൽ കൈയാങ്കളി; അഞ്ചു ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്തു
Friday, September 5, 2025 6:30 AM IST
കോൽക്കത്ത: ബംഗാൾ നിയമസഭയിൽ ഇന്നലെ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. അഞ്ച് ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്തു. ബംഗാളി കുടിയേറ്റക്കാർക്കെതിരേ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു ബഹളം. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്റെ സമാപന ദിവസമായിരുന്നു ഇന്നലെ.
മുഖ്യമന്ത്രി മമത ബാനർജി സംസാരിക്കാൻ എഴുന്നേറ്റപ്പോൾ ബിജെപി എംഎൽഎമാർ ചീഫ് വിപ്പ് ശങ്കർ ഘോഷിന്റെ നേതൃത്വത്തിൽ ബഹളമാരംഭിക്കുകയായിരുന്നു. ശാന്തനാകാൻ ഘോഷിനോട് സ്പീക്കർ ബിമൻ ബാനർജി ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. തുടർന്ന് ഘോഷിനെ സസ്പെൻഡ് ചെയ്തു.
സഭ വിട്ടുപോകാൻ തയാറാകാത്ത ഷോഘിനെ മാർഷൽമാർ ബലമായി പുറത്താക്കി. തുടർന്നുണ്ടായ ബഹളത്തെത്തുടർന്ന് ബിജെപി എംഎൽഎമാരായ മിഹിർ ഗോസ്വാമി, അശോക് ദിൻഡ, ബങ്കിം ഘോശഷ്, അഗ്നിമിത്ര പോൾ എന്നിവരെക്കൂടി സ്പീക്കർ സസ്പെൻഡ് ചെയ്തു.