‘സിൻ ഗുഡ്സുകൾ’ക്ക് ഇനിമുതൽ 40 ശതമാനം ജിഎസ്ടി
സ്വന്തം ലേഖകൻ
Friday, September 5, 2025 6:30 AM IST
ന്യൂഡൽഹി: ചരക്ക് സേവന നികുതിയിൽ (ജിഎസ്ടി) മാറ്റം വരുത്തിയതോടെ സിഗരറ്റ്, ഗുഡ്ക, പാൻമസാല, പുകയില ഉത്പന്നങ്ങൾ തുടങ്ങി ‘സിൻ ഗുഡ്സ്’ എന്നറിയപ്പെടുന്ന തിന്മയിലേക്കു നയിക്കപ്പെടുന്ന വസ്തുക്കൾക്ക് 40 ശതമാനം നികുതി ഏർപ്പെടുത്തി.
ചില ആഡംബരവസ്തുക്കളെയും 40 ശതമാനം ജിഎസ്ടി നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തേ ‘സിൻ ഗുഡ്സി’ന് 28 ശതമാനം ജിഎസ്ടിയും നഷ്ടപരിഹാര സെസും ഉൾപ്പെടെ 40 ശതമാനം നികുതിയായിരുന്നു ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഈമാസം 22 മുതൽ നഷ്ടപരിഹാര സെസ് നീക്കം ചെയ്ത് 40 ശതമാനമെന്ന ഏകീകൃത ജിഎസ്ടി നിരക്ക് ഈ വസ്തുക്കൾക്ക് നിലവിൽ വരും.
സമൂഹത്തെ ഹാനികരമായി ബാധിക്കുന്ന വസ്തുക്കളാണ് ‘സിൻ ഗുഡ്സ്’ വിഭാഗത്തിൽ ഉൾപ്പെടുന്നത്. പുകയില ഉത്പന്നങ്ങൾ, മദ്യം, ചൂതാട്ടം, വാതുവയ്പ്, ഉയർന്ന പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങൾ, കഫീൻ അടങ്ങിയ പാനീയങ്ങൾ എന്നിവയെല്ലാം ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. എന്നാൽ മദ്യത്തെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാനസർക്കാരുകളാണു മദ്യത്തിന് നികുതി ചുമത്തുന്നത്.
ഇത് ഓരോ സംസ്ഥാനത്തും വ്യത്യസ്ത നിരക്കാണ്. 200 ശതമാനം വരെയാണു കേരളം മദ്യത്തിനു ചുമത്തുന്ന നികുതി. സമൂഹത്തിൽ ഇത്തരം വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവയ്ക്കു വലിയതോതിൽ നികുതി ചുമത്തുന്നത്.