പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ദളിത് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
Friday, September 5, 2025 6:30 AM IST
ഭുവനേശ്വർ: ഒഡീഷയിൽ പശുവിനെ കൊന്നുവെന്ന സംശയത്തിൽ ദളിത് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഇയാളുടെ സഹായിക്കു പരിക്കേറ്റു. ദേവ്ഗഡ് ജില്ലയിലെ കുണ്ഡെജുരി ഗ്രാമത്തിലാണു ദാരുണ സംഭവം അരങ്ങേറിയത്.
ആൾക്കൂട്ട കൊലപാതകത്തിൽ ആറു പേർ അറസ്റ്റിലായി. മുപ്പത്തിയഞ്ചുകാരനായ കിഷോർ ചമർ ആണു കൊല്ലപ്പെട്ടത്. ഇയാളുടെ സഹായി ഗൗതം നായകിനു പരിക്കേറ്റു. കൗൻസിഥിപ ഗ്രാമക്കാരായ ഇരുവരും കന്നുകാലികളുടെ തോലുരിക്കുന്ന ജോലി ചെയ്യുന്നവരാണ്. പശുവിന്റെ ഇറച്ചി മുറിക്കുന്നതിനിടെ കിഷോറിനെയും ഗൗതമിനെയും ഒരു സംഘം ആളുകൾ കണ്ടു. പശുവിന്റെ അറത്തനിലയിലുള്ള തലയും അവിടെയുണ്ടായിരുന്നു. ചത്ത പശുവിന്റെ ഇറച്ചിയാണ് തങ്ങൾ മുറിച്ചതെന്നു കിഷോറും ഗൗതവും പറഞ്ഞെങ്കിലും ആൾക്കൂട്ടം സമ്മതിച്ചില്ല.
പശുവിനെ കൊന്നതാണെന്നു പറഞ്ഞ് അക്രമികൾ കിഷോറിനെയും ഗൗതമിനെയും മാരകമായി ആക്രമിച്ചു. കിഷോർ സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്ന് ദേവ്ഗഡ് എസ്പി അനിൽകുമാർ മിശ്ര പറഞ്ഞു. പരിക്കേറ്റ ഗൗതമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.