ഇന്ത്യ-പാക് അതിർത്തിവേലിക്ക് കേടുപാടുകൾ
Friday, September 5, 2025 6:30 AM IST
ന്യൂഡൽഹി: ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിൽ 110 കിലോമീറ്ററുകളോളം വേലി കനത്ത മഴയിലും പ്രളയത്തിലും തകർന്നു. ജമ്മുവിലെയും പഞ്ചാബിലെയും 90 ബിഎസ്എഫ് പോസ്റ്റുകൾക്കും കേടുപാടുകളുണ്ടായി.
ജമ്മുവിലെ 80 കിലോമീറ്ററും പഞ്ചാബിലെ 30 കിലോമീറ്ററുമാണ് തകർന്നത്. ഡ്രോൺ പരിശോധനയും ബോട്ട് പട്രോളിംഗും ഇലക്ട്രോണിക് മോണിറ്ററിംഗ് സംവിധാനവും ഉപയോഗിച്ച് സ്ഥിതിഗതികൾ പരിശോധിച്ചുവരികയാണെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കു മുൻപ്, ബിഎസ്എഫ് ജവാൻ പ്രളയജലത്തിൽ മുങ്ങിപ്പോയിരുന്നു.
1988നു ശേഷം പഞ്ചാബ് കണ്ട ഏറ്റവും വലിയ പ്രളയമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ജമ്മുവിലെ താവി നദി കരകവിഞ്ഞതു മൂലം നൂറുകണക്കിന് വീടുകളും ഹെക്ടർ കണക്കിനു കൃഷിഭൂമിയും വെള്ളത്തനടിയിലായിട്ടുണ്ട്.