മരുന്നുകൾക്ക് ജിഎസ്ടി 0-5%
Friday, September 5, 2025 6:30 AM IST
ന്യൂഡൽഹി: സൗജന്യ നികുതി നിരക്ക് നിശ്ചയിച്ച മരുന്നുകളൊഴികെ എല്ലാ മരുന്നുകൾക്കും ഔഷധങ്ങൾക്കും നികുതിയിളവോടെ അഞ്ച് ശതമാനമായിരിക്കും ജിഎസ്ടി. മരുന്നുകൾക്ക് പൂർണമായി നികുതി ഒഴിവാക്കിയാൽ നിർമാതാക്കൾക്കും വില്പനക്കാര്ക്കും അസംസ്കൃത വസ്തുക്കൾക്ക് നൽകിയ ജിഎസ്ടിയുടെ നികുതിയിളവ് ലഭിക്കാതെ വരും.
കൂടാതെ ലഭിച്ച നികുതിയിളവ് തിരികെ നൽകേണ്ടതായും വരും. ഇത് അവരുടെ യഥാർഥ നികുതി ബാധ്യതയും ഉത്പാദനച്ചെലവും വർധിപ്പിക്കും. ഈ അധികച്ചെലവ് ഉയർന്ന വിലയായി രോഗികളിലേക്ക് എത്തിയേക്കാം. അത് നികുതിയിളവ് എന്ന ലക്ഷ്യത്തെത്തന്നെ ഇല്ലാതാക്കും. അതിനാലാണ് ഈ തീരുമാനമെന്ന് ധനമന്ത്രാലയം വിശദീകരിച്ചു. ഹാനികരമായ ഏതാനും ഉത്പന്നങ്ങള്‍ക്കും ചില ആഡംബര ഉത്പന്നങ്ങൾക്കും മാത്രമാണ് 40 ശതമാനം പ്രത്യേക നിരക്ക് ബാധകമാക്കിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.
മറ്റു പ്രധാന ജിഎസ്ടി മാറ്റങ്ങൾ
• സൗജന്യ നികുതി നിരക്ക് നിശ്ചയിച്ചവയൊഴികെ മെഡിക്കൽ, സർജിക്കൽ, ഡെന്റൽ, വെറ്ററിനറി ആവശ്യങ്ങൾക്കുപയോഗിക്കുന്ന എല്ലാ മെഡിക്കൽ ഉപകരണങ്ങൾക്കും യന്ത്രങ്ങൾക്കും മറ്റ് സാമഗ്രികള്‍ക്കും അഞ്ചു ശതമാനമാണ് ജിഎസ്ടി.
• എല്ലാ ചെറു കാറുകളുടെയും ജിഎസ്ടി 28ൽനിന്ന് 18 ശതമാനമായി കുറച്ചു.1200 സിസി വരെ എൻജിൻ ശേഷിയും നാലു മീറ്റർ വരെ നീളവുമുള്ള പെട്രോൾ, എൽപിജി, സിഎൻജി കാറുകളും, 1500 സിസി വരെ എൻജിൻ ശേഷിയും നാലു മീറ്റർ വരെ നീളവുമുള്ള ഡീസൽ കാറുകളുമാണ് ചെറു കാറുകൾ എന്ന വിഭാഗത്തിൽ ഉള്‍പ്പെടുന്നത്.
•1500 സിസിയിൽ കൂടുതലോ നാലു മീറ്ററിലേറെ നീളമുള്ളതോ ആയ എല്ലാ ഇടത്തരം, വലിയ കാറുകളുടെയും ജിഎസ്ടി നഷ്ടപരിഹാര സെസ് ഇല്ലാതെ 40 ശതമാനമാണ്. കൂടാതെ 1500 സിസിയിൽ കൂടുതല്‍ എൻജിൻ ശേഷിയും നാലു മീറ്ററിലേറെ നീളവും 170 മില്ലിമീറ്ററോ അതിലധികമോ ഗ്രൗണ്ട് ക്ലിയറൻസുമുള്ള വിവിധോപയോഗ വാഹനങ്ങൾ (എസ്യുവി, എംയുവി, എംപിവി, എക്സ്യുവി എന്നിവ ഉൾപ്പെടെ) ഏത് പേരിൽ അറിയപ്പെട്ടാലും അവയ്ക്കും സെസ് ഇല്ലാതെ 40 ശതമാനം ജിഎസ്ടി ബാധകമായിരിക്കും.
•എച്ച്എസ്എൻ 8703 എന്ന വിഭാഗത്തിൽപ്പെടുന്ന മുച്ചക്ര വാഹനങ്ങൾക്ക് 18 ശതമാനമാണ് ജിഎസ്ടി. നേരത്തേ ഇത് 28 ശതമാനമായിരുന്നു.
•ഡ്രൈവർ ഉൾപ്പെടെ പത്തോ അതിലധികമോ പേരെ കൊണ്ടുപോകാവുന്ന എച്ച്എസ്എൻ 8702 വിഭാഗത്തിൽപ്പെടുന്ന എല്ലാ മോട്ടോർ വാഹനങ്ങൾക്കും 18 ശതമാനം ജിഎസ്ടി ബാധകമാണ്. നേരത്തേ ഇത് 28 ശതമാനമായിരുന്നു.
•ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങുമ്പോൾതന്നെ ആംബുലൻസിനു വേണ്ട എല്ലാ ഘടകങ്ങളും ഫർണിച്ചറുകളും അനുബന്ധ ഉപകരണങ്ങളും ശരിയായി ഘടിപ്പിച്ച് ആംബുലൻസുകളായി നൽകുന്ന മോട്ടോർ വാഹനങ്ങൾക്ക് 18 ശതമാനം ജിഎസ്ടി ബാധകമാണ്. നേരത്തെ ഇത് 28 ശതമാനമായിരുന്നു.
•ലോറികളും ട്രക്കുകളും ഉള്‍പ്പെടെ ചരക്കുനീക്കത്തിനായുള്ള വാഹനങ്ങൾക്ക് 18 ശതമാനമാണ് ജിഎസ്ടി. നേരത്തേ ഇത് 28 ശതമാനമായിരുന്നു.
•1800 സിസിയിൽ കൂടുതൽ എൻജിൻ ശേഷിയുള്ള സെമി-ട്രെയിലറുകളുടെ റോഡ് ട്രാക്ടറുകൾ ഒഴികെ ട്രാക്ടറുകൾക്ക് അഞ്ച് ശതമാനമാണ് ജിഎസ്ടി. 1800 സിസിയിൽ കൂടുതൽ എൻജിൻ ശേഷിയുള്ള സെമി-ട്രെയിലറുകളുടെ റോഡ് ട്രാക്ടറുകൾക്ക് 28ൽനിന്ന് 18 ശതമാനമാകും.
•350 സിസിയോ അതിൽ താഴെയോ എൻജിൻ ശേഷിയുള്ള മോട്ടോർസൈക്കിളുകൾക്ക് 18 ശതമാനവും 350 സിസിയിൽ കൂടിയവയ്ക്ക് 40 ശതമാനവുമാണ് നിരക്ക്.
•സൈക്കിളുകള്‍ക്കും അവയുടെ ഭാഗങ്ങൾക്കും 12 ശതമാനത്തിൽനിന്ന് 5 ശതമാനമായി നിരക്ക് കുറച്ചിട്ടുണ്ട്.
•സിഗരറ്റുകൾ, സർദപോലുള്ള ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങൾ, അസംസ്കൃത പുകയില, ബീഡി എന്നിവ ഒഴികെയുള്ളവയുടെ ജിഎസ്ടി നിരക്കുകളിലെ മാറ്റങ്ങൾ 22 മുതൽ പ്രാബല്യത്തിൽ വരും. ഈ ഉത്പന്നങ്ങൾക്ക് നിലവിലുള്ള ജിഎസ്ടി നിരക്കുകളും നഷ്ടപരിഹാര സെസും തുടർന്നും ബാധകമായിരിക്കും. കൂടാതെ നഷ്ടപരിഹാര സെസ് മൂലമുള്ള മുഴുവൻ വായ്പ, പലിശ ബാധ്യതകളും തീർപ്പാക്കുന്നതിന്റെ അടിസ്ഥാനത്തിൽ പുതിയ നിരക്കുകൾ പിന്നീട് വിജ്ഞാപനം ചെയ്യുന്ന തീയതിയിൽ നടപ്പിലാക്കും.
•2017ലെ സിജിഎസ്ടി നിയമപ്രകാരം സാധനങ്ങൾക്ക് ആവശ്യമായ രജിസ്ട്രേഷൻ പരിധിയിൽ മാറ്റമൊന്നുമില്ല.
• ജിഎസ്ടി നിരക്കുകളിലെ മാറ്റങ്ങൾ നിരക്ക് വിജ്ഞാപനത്തിൽ അറിയിക്കും. വിജ്ഞാപനം സിബിഐസി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.