“സാധാരണക്കാർക്കു ഗുണം ലഭിക്കണം” ജിഎസ്ടി പരിഷ്കരണത്തിൽ കെ.എൻ. ബാലഗോപാൽ
സ്വന്തം ലേഖകൻ
Friday, September 5, 2025 6:30 AM IST
ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) രണ്ടു സ്ലാബുകളാക്കി മാറ്റിയ കേന്ദ്രസർക്കാരിന്റെ പരിഷ്കരണത്തിൽ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ജിഎസ്ടി പരിഷ്കരണത്തിലെ ഗുണം സാധാരണക്കാർക്കു ലഭിക്കണം. നികുതി കുറയുന്പോൾ കന്പനികൾ വില കൂട്ടുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി. ബുധനാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പുതിയ ജിഎസ്ടി സ്ലാബ് പ്രഖ്യാപിച്ചതിനുശേഷം ഇന്നലെ ഡൽഹി കേരള ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിലാണു കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനത്തിലെ ആശങ്കകൾ മന്ത്രി വ്യക്തമാക്കിയത്.
ഓട്ടോമൊബൈൽ, സിമന്റ്, ഇൻഷ്വറൻസ്, ഇലക്ട്രോണിക്സ് എന്നീ മേഖലയിൽ മാത്രം വരുത്തിയ പരിഷ്കരണം കേരളത്തിൽ 2500 കോടി രൂപയുടെ നഷ്ടമുണ്ടാക്കും. ഇത്തരത്തിലുണ്ടാകുന്ന വരുമാനനഷ്ടം കേരളത്തിന്റെ ക്ഷേമ, വികസന പ്രവർത്തങ്ങളെ ബാധിക്കും. അതിനാൽ വരുമാനനഷ്ടം നികത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിഎസ്ടി കൗണ്‍സിലിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ അതു പരിഗണിക്കാൻ കേന്ദ്രസർക്കാർ തയാറായില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. നികുതി കുറയുന്പോൾ ഉപഭോഗം വർധിക്കുമെന്നാണു കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ കേരളംപോലുള്ള സംസ്ഥാനങ്ങളിൽ ഇതിന്റെ സാധ്യത വളരെ ചെറുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യമായി ജിഎസ്ടി നടപ്പാക്കിയപ്പോൾ സംസ്ഥാനങ്ങൾക്കു നഷ്ടപരിഹാരം നികത്തുന്നതിനു നൽകിയ സഹായം പുതിയ പരിഷ്കരണത്തിലും തുടരണമെന്നാണ് ആവശ്യം. സിഗരറ്റ്, ഗുഡ്ക പോലുള്ള വസ്തുക്കൾക്കും ആഡംബര വസ്തുക്കൾക്കും ജിഎസ്ടിക്കുപുറമേ ഏർപ്പെടുത്തിയിരുന്ന അധിക തീരുവയായിരുന്നു സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്താനായി നൽകിയിരുന്നത്. ഈ വർഷം ഒക്ടോബറോടെ ഈ നഷ്ടപരിഹാര സെസ് അവസാനിക്കും.
നിലവിൽ സംസ്ഥാനങ്ങളുടെ സാന്പത്തികനഷ്ടം പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കാൻ കേന്ദ്രം തയാറായിട്ടില്ല. നോട്ട് നിരോധനം പോലെ കൃത്യമായ പഠനങ്ങളില്ലാതെ എടുത്തുചാടിയുള്ള നടപടിയാണെങ്കിൽ പുതിയ തീരുമാനം സംസ്ഥാനങ്ങളെ പാപ്പരാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള നികുതിവരുമാന വിഹിത അനുപാതം 60:40 ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ 50:50 എന്ന രീതിയിലാണു നികുതി വരുമാനം പങ്കുവയ്ക്കുന്നത്.
ലോട്ടറിയുടെ അധികനികുതിയിൽ ആശങ്ക
ലോട്ടറിക്ക് ഏർപ്പെടുത്തിയ അധികനികുതിയിലും ധനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ലോട്ടറിയുടെ നികുതി നിലവിലെ 28 ശതമാനത്തിൽത്തന്നെ നിലനിർത്തണമെന്നാണു ബാലഗോപാൽ ജിഎസ്ടി കൗണ്‍സിലിൽ ആവശ്യപ്പെട്ടത്. ലോട്ടറിയുടെ നികുതിവർധനവ് വില്പനയെയും അതുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ലക്ഷക്കണക്കിനു സാധാരക്കാരെയും ബാധിക്കും.
ലോട്ടറിക്ക് പൊതുവായ നികുതി ഏർപ്പെടുത്തരുത്. ഇന്ത്യയിൽ കേരളത്തിലും പശ്ചിമ ബംഗാളിലും മാത്രമാണു ലോട്ടറികളുള്ളത്. അന്തർസംസ്ഥാന വില്പന ഇല്ലാത്തതിനാൽ ഇവയുടെ നികുതി പിരിക്കുന്നതിനുള്ള അവകാശം അതത് സംസ്ഥാനങ്ങൾക്കു ലഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം മറികടന്ന് 40 ശതമാനം ജിഎസ്ടിയാണ് ലോട്ടറിക്ക് കേന്ദ്രസർക്കാർ ചുമത്തിയത്. ഓണം ബംപറിനെയടക്കം ഇതു ബാധിച്ചേക്കാമെന്നും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.