കനത്ത മഴയിൽ ഉത്തരേന്ത്യ നിശ്ചലമായി
Friday, September 5, 2025 6:30 AM IST
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ പലയിടത്തും ശക്തമായി തുടരുന്ന മഴയ്ക്ക് ഇന്നലെയും അയവുണ്ടായില്ല. ഹിമാചൽ പ്രദേശിലും ജമ്മു കാഷ്മീരിലുമായി നാലു പേർ മരിച്ചു. സ്കൂളുകൾ വ്യാപകമായി അടച്ചിടുകയും വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന പുതിയ ന്യൂനമർദം അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഇന്ന് മഴയ്ക്ക് കാരണമാകും. മൂന്നു ദിവസമായി ഒഡീഷയിൽ പെയ്യുന്ന മഴ ഇന്നലെയും തുടർന്നു.
ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിലെ സുന്ദർനഗറിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ നാലു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഷിംലയിൽ പ്രൈവറ്റ് ബസിന് മുകളിലേക്ക് പാറക്കല്ലുകൾ വീണ് 15 യാത്രക്കാർക്ക് പരിക്കേറ്റു. ഇടവിട്ടുള്ള മഴ ഡൽഹിയിൽ ഇന്നലെയും തുടർന്നു. യമുനാനദി കരകവിഞ്ഞതോടെ ഡൽഹിയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ നിഗംബോധം ഘട്ട് ശ്മശാനത്തിലെ മൃതസംസ്കാര ചടങ്ങുകൾ നിർത്തിവച്ചു. 1988ന് ശേഷമുണ്ടായ ഏറ്റവും വലിയ മഴക്കെടുതി നേരിടുന്ന പഞ്ചാബിൽ 37 പേർ മരിച്ചു. രാജസ്ഥാനിലും ജനജീവിതം താറുമാറായി.