ഇന്ത്യയുടെ വളർച്ചാസാധ്യത ശക്തമെന്ന് സിംഗപ്പൂർ
പ്രത്യേക ലേഖകൻ
Friday, September 5, 2025 6:30 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ വളർച്ചാസാധ്യതകൾ ശക്തമാണെന്നും ഇന്ത്യയിലെ നിക്ഷേപം തുടരുമെന്നും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗ്. യുവ ജനസംഖ്യ, വർധിച്ചുവരുന്ന മധ്യവർഗം, ചലനാത്മക നികുതിമേഖല, പരിഷ്കാരങ്ങൾക്കു പ്രതിജ്ഞാബദ്ധമായ സർക്കാർ എന്നിവകാരണം ഇന്ത്യയുടെ വളർച്ചാസാധ്യതകളെക്കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ടെന്നും വോംഗ് വ്യക്തമാക്കി.
ഇന്ത്യയുടെ സന്പദ്വ്യവസ്ഥയിൽ സിംഗപ്പൂരിന് ആത്മവിശ്വാസമുണ്ട്. അതിനാൽ നിക്ഷേപം തുടരും. തുടർച്ചയായി ഏഴു വർഷമായി സിംഗപ്പൂർ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരാജ്യമാണ്. ഇന്ത്യയുടെ ദീർഘകാല വളർച്ചാപാത ശക്തവും സ്ഥിരതയുള്ളതുമാണെന്നും സിംഗപ്പൂർ പ്രധാനമന്ത്രി പറഞ്ഞു.
ഏതൊക്കെ വ്യവസായങ്ങളിൽ എന്തൊക്കെ മേഖലകളിൽ നിക്ഷേപം നടത്തണമെന്നത് സ്വകാര്യമേഖലയ്ക്കു വിടണം. സർക്കാർ നിക്ഷേപം നടത്തുന്നില്ല. വ്യവസ്ഥകൾ നിശ്ചയിക്കുകയും ചട്ടക്കൂട് സജ്ജമാക്കുകയും ബിസിനസുകൾക്കും നിക്ഷേപകർക്കും ഒത്തുചേരാനുള്ള അന്തരീക്ഷം നൽകുകയുമാണു ചെയ്യുന്നതെന്ന് വോംഗ് വിശദീകരിച്ചു. ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ്, സുസ്ഥിരത, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ നിക്ഷേപത്തിനു താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.