മണിപ്പുർ എസ്ഒഒ കരാർ പുതുക്കി
സ്വന്തം ലേഖകൻ
Friday, September 5, 2025 6:30 AM IST
ന്യൂഡൽഹി: വംശീയ കലാപത്തെത്തുടർന്ന് തടസപ്പെട്ട മണിപ്പുരിലെ ദേശീയപാത 2 തുറക്കാൻ ധാരണയായി. കുക്കി സംഘടനകളുമായി കേന്ദ്രസർക്കാരും മണിപ്പുർ സർക്കാരും നടത്തിയ ചർച്ചയിലാണു തീരുമാനം. കലാപത്തെത്തുടർന്ന് മരവിച്ചു കിടന്ന സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ (എസ്ഒഒ) കരാർ പുതുക്കാനും തീരുമാനിച്ചു.
സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ഏഴോളം ക്യാന്പുകൾ മാറ്റിസ്ഥാപിക്കാനും ക്യാന്പുകളുടെ എണ്ണം കുറയ്ക്കാനും ധാരണയായിട്ടുണ്ട്. കൂടാതെ ആയുധങ്ങൾ കൈമാറാനും സംഘടനകൾ സമ്മതിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. പുതിയ സംഭവവികാസങ്ങൾ മണിപ്പുരിൽ ശാശ്വതസമാധാനത്തിനു വഴിവയ്ക്കുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച മണിപ്പുർ സന്ദർശിക്കുമെന്ന വാർത്ത വന്നതിന് തൊട്ടുപിന്നാലെയാണ് കുക്കിസംഘടനകളെ ചർച്ചയ്ക്കായി ഡൽഹിയിലേക്കു ക്ഷണിച്ചത്.
ദേശീയപാത 2 തുറക്കുന്നതോടെ ഗതാഗതവും ചരക്കുനീക്കവും പൂർവസ്ഥിതിയിലാകും. ദേശീയ പാതയിൽ സമാധാനം നിലനിർത്തുന്നതിന് സുരക്ഷാസേനയുമായി സഹകരിക്കാൻ കുക്കിസംഘടനകൾ സമ്മതം അറിയിച്ചിട്ടുണ്ട്. എന്നാൽ, കരാർ സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകളൊന്നും കുക്കിസംഘടനകൾ നൽകിയിട്ടില്ല.
2008 മുതൽ മണിപ്പുരിൽ കുക്കി വിമതഗ്രൂപ്പുമായി കേന്ദ്രസർക്കാരും മണിപ്പുർ സർക്കാരും ഒപ്പുവച്ചിരുന്ന എസ്ഒഒ കരാർ 2024 ഫെബ്രുവരിക്കുശേഷം പുതുക്കിയിരുന്നില്ല. എന്നാൽ ഒന്നര വർഷത്തിനുശേഷമാണ് ഇതിലൊരു മാറ്റം വന്നിരിക്കുന്നത്.