പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ പുനരധിവാസത്തിനായി ഒന്നിക്കാം: സിബിസിഐ
Friday, September 5, 2025 6:30 AM IST
ന്യൂഡൽഹി: വെള്ളപ്പൊക്കത്തിൽ വലയുന്ന പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ). റിപ്പോർട്ടുകൾപ്രകാരം മൂന്നര ലക്ഷത്തോളം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു.
23 ജില്ലകളിൽ നാശനഷ്ടമുണ്ടായി. 3.7 ലക്ഷം ഏക്കറോളം കൃഷിയിടങ്ങൾ വെള്ളപ്പൊക്കത്തിൽപ്പെട്ടു. ഈ സാഹചര്യത്തിൽ വലയുന്ന ജനങ്ങളോട് സുമനസുകൾ കരുണ കാണിക്കണമെന്നും ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ, പാർപ്പിടങ്ങൾ തുടങ്ങിയ സഹായഹസ്തം നീട്ടാൻ കത്തോലിക്കാവിശ്വാസികൾ തയാറാകണമെന്നും സിബിസിഐ അഭ്യർഥിച്ചു.
‘കാരിത്താസ് ഇന്ത്യ’ വഴി സഹായങ്ങൾ നൽകി ഈ മേഖലയിലെ ആളുകളുടെ പുനരധിവാസപ്രവർത്തങ്ങളിൽ പങ്കുകാരാകണമെന്നും സിബിസിഐ വാർത്താക്കുറിപ്പിലൂടെ ആഹ്വാനം ചെയ്തു.