യുട്യൂബര്‍ കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം
Monday, July 7, 2025 3:22 AM IST
കൊച്ചി: രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറിയ കേസില്‍ അറസ്റ്റിലായ ഹരിയാന സ്വദേശിനി യുട്യൂബര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം. ഇതു വ്യക്തമാക്കുന്ന ടൂറിസം വകുപ്പിന്റെ വിവരാവകാശ രേഖ പുറത്തുവന്നു. ടൂറിസം വകുപ്പ് സമൂഹമാധ്യമ ഇന്‍ഫ്ളുവന്‍സേഴ്സിനെ ഉപയോഗിച്ച് പ്രമോഷന് നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയുമുണ്ട്.
കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ജ്യോതി മല്‍ഹോത്ര ടൂറിസം വകുപ്പിന്റെ ചെലവില്‍ യാത്ര ചെയ്തതെന്നാണ് രേഖകളില്‍ വ്യക്തമാകുന്നത്. യുട്യൂബില്‍ നിരവധി ഫോളോവേഴ്സ് ഉള്ള ജ്യോതി മല്‍ഹോത്ര സംസ്ഥാനത്തെ തന്ത്രപ്രധാന സ്ഥലങ്ങളടക്കം സന്ദര്‍ശിച്ച് ദൃശ്യങ്ങളും പകര്‍ത്തി. സന്ദര്‍ശന വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചെങ്കിലും ഒന്നും പുറത്തുവിട്ടിരുന്നില്ല.
ടൂറിസം വകുപ്പ് പണം നല്‍കിയാണ് ഇവരെ എത്തിച്ചത്. യാത്രയും താമസവും ഒരുക്കിയതും ടൂറിസം വകുപ്പാണ്. ടൂറിസത്തിന്റെ പുനരുജ്ജീവനമായിരുന്നു ലക്ഷ്യം. സമൂഹ മാധ്യമ ഇന്‍ഫ്ളുവന്‍സേഴ്സ് പട്ടികയില്‍പ്പെടുത്തി 41 പേരെ എത്തിച്ചതിലാണ് ജ്യോതി മല്‍ഹോത്രയും ഉള്‍പ്പെട്ടത്. ജനുവരിയില്‍ കേരളത്തിലെത്തിയ ജ്യോതി, കൊച്ചിന് ഷിപ്പ്യാര്ഡ്, മട്ടാഞ്ചേരിയിലെ ആരാധനാലയങ്ങള്‍, ചരിത്രസ്മാരകങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങി തന്ത്രപ്രധാന മേഖലകള്‍ സന്ദര്‍ശിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. ഇതിനുപുറമേ തൃശൂര്‍ കുത്താമ്പുള്ളി നെയ്ത്തുഗ്രാമം, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, അതിരപ്പിള്ളി, ഇരവികുളം ദേശീയ ഉദ്യാനം, തേക്കടി, കോവളം, വര്‍ക്കല, ജഡായു പാറ, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്വേസ്റ്റേഷന് എന്നിവിടങ്ങളിലും എത്തി. ഇതിന്റെ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടിരുന്നു.
ടൂറിസം വകുപ്പ് സംഘടിപ്പിച്ച ‘എന്റെ കേരളം-എത്ര സുന്ദരം’ ഫെസ്റ്റിവല്‍ കാമ്പയിന് പരിപാടിയില്‍ വിവിധ സമൂഹമാധ്യമ ഇന്‍ഫ്ളുവന്‍സേഴ്സിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് അറസ്റ്റിലായ മുപ്പത്തിമൂന്നുകാരിയായ ജ്യോതി മല്‍ഹോത്ര നിലവില്‍ ജയിലിലാണ്.
കേരളത്തിലേക്കു ക്ഷണിച്ചപ്പോൾ ചാരവൃത്തി തെളിഞ്ഞിരുന്നില്ല: മന്ത്രി
കോഴിക്കോട്: ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്കു ക്ഷണിച്ച സമയത്ത് അവര്‍ ചാരവൃത്തി നടത്തിയതായി തെളിഞ്ഞിരുന്നില്ലെന്ന് പി.എ. മുഹമ്മദ് റിയാസ്.
“നല്ല ഉദ്ദേശ്യത്തോടെയാണ് കാര്യങ്ങള്‍ ചെയ്തത്. ജ്യോതി ചാരവൃത്തി ചെയ്യുന്ന ആളാണെന്നു കരുതിയില്ല. ഇതുവരെയുള്ള സര്‍ക്കാരുകള്‍ തുടര്‍ന്ന കാര്യങ്ങളാണ് ഈ സര്‍ക്കാരും ചെയ്തത്. ബോധപൂര്‍വം സര്‍ക്കാര്‍ അവരെ കൊണ്ടുവരുമോ? ചാരവൃത്തിക്ക് സൗകര്യം ചെയ്തുകൊടുക്കുന്ന സര്‍ക്കാരാണോ ഇത്? എങ്ങനെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നു മാധ്യമങ്ങള്‍ മനസിലാക്കണം.
കുപ്രചാരണം നടത്തുന്ന ബിജെപിക്ക് രാഷ്ട്രീയ അജൻഡ കാണും. ഇത്തരം പ്രചാരണങ്ങള്‍ക്ക് പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്. ജനം കൂടെയുണ്ട്. മാധ്യമങ്ങള്‍ക്ക് തോന്നുംപോലെ വാര്‍ത്ത നല്‍കാം. നോ പ്രോബ്ലം” -മന്ത്രി പ്രതികരിച്ചു.