രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതായി സിൻഡിക്കറ്റ്; ഇല്ലെന്ന് വിസി
Monday, July 7, 2025 3:22 AM IST
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഇന്നലെ ചേർന്ന പ്രത്യേക സിൻഡിക്കറ്റ് യോഗത്തിൽ തർക്കവും നാടകീയ രംഗങ്ങളും. രജിസ്ട്രാർ ഡോ. കെ.എസ്.അനിൽകുമാറിന്റെ സസ്പെൻഷൻ സിൻഡിക്കറ്റ് റദ്ദാക്കി. താത്കാലിക വിസി ഡോ. സിസ തോമസിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു നടപടി. വിസി വിയോജനക്കുറിപ്പ് നൽകി. തീരുമാനത്തോട് ബിജെപി അംഗങ്ങളും വിയോജിച്ചു.
രജിസ്ട്രാറുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ മൂന്നംഗ കമ്മിറ്റിയെ യോഗം നിയോഗിച്ചു. തീരുമാനം കോടതിയെ അറിയിക്കും.
അതേസമയം, സിൻഡിക്കറ്റ് യോഗത്തിൽ രജിസ്ട്രാറുടെ സസ്പെൻഷൻ ചർച്ച ചെയ്യണമെന്ന ഇടത് അംഗങ്ങളുടെ ആവശ്യത്തിന് വൈസ് ചാൻസലർ ഡോ. സിസ തോമസ് വഴങ്ങിയിരുന്നില്ല. വിഷയം അജണ്ടയിലില്ലെന്നായിരുന്നു സിസ തോമസിന്റെ മറുപടി. സിൻഡിക്കറ്റ് അംഗം ആർ. രാജേഷ് ഫേസ് ബുക്കിലൂടെ കോടതിയെ അപമാനിച്ചെന്ന് ബിജെപി അംഗം പി. എസ്. ഗോപകുമാർ ആരോപിച്ചു. ബിജെപി അംഗം ഇക്കാര്യം പ്രമേയമായി അവതരിപ്പിച്ചെങ്കിലും ഇക്കാര്യത്തിലും വിസി ചർച്ചയ്ക്ക് തയാറായില്ല.
ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ചർച്ച ചെയ്യാൻ കഴിയില്ലെന്ന് സിന്‍ഡിക്കറ്റ് അംഗങ്ങളെ അറിയിച്ചിരുന്നതായി സിസ തോമസ് പ്രതികരിച്ചു. വിഷയം യോഗത്തിന്റെ അജൻഡയിലും ഇല്ലായിരുന്നു. അതിനാൽ രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കപ്പെടില്ല.നടപടികൾ പൂർത്തിയാക്കിയ ശേഷം യോഗം പിരിച്ചുവിട്ടിരുന്നു.യോഗം പിരിച്ചുവിട്ടശേഷം എടുക്കുന്ന നടപടികൾക്ക് നിയമപിന്തുണയില്ല; അത് അംഗീകരിക്കാനും കഴിയില്ല. ഇന്ന് കോടതിയിൽ കൊടുക്കുന്ന സത്യവാങ്മൂലം സംബന്ധിച്ചായിരുന്നു യോഗത്തിലെ അജൻഡ. അത് പൂർത്തീകരിക്കാനായതുമില്ല. അതിലേക്ക് എത്താതിരിക്കാൻ ചർച്ച വഴി തിരിച്ചുവിട്ടതായും ഡോ. സിസ തോമസ് പറഞ്ഞു.
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവിവാദത്തെ തുടർന്ന് കേരള സർവകലാശാലാ റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു, ഇന്നലെ അവധിദിവസമായിരുന്നിട്ടും അടിയന്തര സിൻഡിക്കറ്റ് യോഗം ചേർന്നത്. എൽഡിഎഫ് അനുകൂല സിൻഡിക്കറ്റ് അംഗങ്ങളായ 16 പേരും ഒരു യുഡിഎഫ് അംഗവും രേഖാമൂലം ആവശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു യോഗം വിളിക്കാൻ വിസിയുടെ താത്കാലിക ചുമതലയുള്ള ഡോ. സിസ തോമസ് തീരുമാനിച്ചത്.
സസ്പെൻഷൻ നടപടിക്കെതിരേ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയായിരുന്നു യോഗം.
രജിസ്ട്രാര്‍ വീണ്ടും ചുമതലയേറ്റു
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നാടകീയ രംഗങ്ങൾക്കെടുവിൽ വൈസ് ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ ഡോ. കെ.എസ് .അനില്‍കുമാര്‍ ചുമതല ഏറ്റെടുത്തു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് രജിസ്ട്രാർ സര്‍വകലാശാലയിലെത്തി ചുമതല ഏറ്റെടുത്തത്. സിന്‍ഡിക്കറ്റിന്റെ നിര്‍ദേശപ്രകാരമാണ് രജിസ്ട്രാര്‍ ചുമതല ഏറ്റെടുത്തത്.
സംഭവത്തില്‍ രാഷ്ട്രീയമായും നിയമപരമായും പോരാടാനാണ് സിന്‍ഡിക്കറ്റ് തീരുമാനം.