എരുവാട്ടി സ്വദേശിനി അയർലൻഡിൽ പീസ് കമ്മീഷണർ
Monday, July 7, 2025 3:13 AM IST
പെരുമ്പടവ്(കണ്ണൂർ): തേർത്തല്ലി എരുവാട്ടി സ്വദേശിനിയായ നഴ്സിനെ അയർലൻഡിൽ പീസ് കമ്മീഷണറായി തെരഞ്ഞെടുത്തു. ഡബ്ലിനിൽ കുടുംബമായി താമസിക്കുന്ന ചെമ്പേരി സ്വദേശി അഡ്വ. സിബി സെബാസ്റ്റ്യൻ പേഴുംകാട്ടിലിന്റെ ഭാര്യയും എരുവാട്ടിയിലെ പഴയിടത്ത് ടോമി- ത്രേസ്യാമ്മ ദമ്പതികളുടെ മകളുമായ ടെൻസിയ സിബിക്കാണ് ഐറിഷ് സർക്കാരിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസ് വകുപ്പ് പീസ് കമ്മീഷണർ സ്ഥാനം നൽകിയത്. ഇതുസംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് മിനിസ്റ്റർ ജിം ഒകല്ലഗൻ ടിഡി ടെൻസിയയ്ക്കു കൈമാറി.
അയർലൻഡിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കും മലയാളി സമൂഹത്തിനും നൽകുന്ന അംഗീകാരമായി ഇതിനെ കാണുന്നുവെന്ന് ടെൻസിയ പറഞ്ഞു.
പയ്യന്നൂർ കോളജിലെ പഠനത്തിനുശേഷം അജ്മീരിലെ സെന്റ് ഫ്രാൻസിസ് കോളജ് ഓഫ് നഴ്സിംഗിൽനിന്നു നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ടെൻസിയ സിബി 2005ലാണ് അയർലൻഡിൽ എത്തുന്നത്. ഇപ്പോൾ ഡബ്ലിൻ ബ്ലാക്ക് റോക്ക് ഹോസ്പിറ്റലിൽ സീനിയർ നഴ്സായി ജോലി ചെയ്തുവരുന്നു.
2022ൽ റോയൽ കോളജ് ഓഫ് സർജൻസ് ഇൻ അയർലൻഡിൽനിന്ന് ഉന്നത ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. അയർലൻഡിൽ എത്തും മുന്പ് ഡൽഹിയിലെ എസ്കോർട്ട് ഹാർട്ട് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നു. ടെൻസിയ സിബി അയർലൻഡ് സീറോമലബാർ സഭ ഡബ്ലിൻ ബ്ലാക്ക് റോക്ക് ഇടവകയിലെ മാതൃവേദി സെക്രട്ടറിയും വേദപാഠം അധ്യാപികയുമാണ്. എഡ്വിൻ, എറിക്ക്, ഇവാനി മരിയ എന്നിവരാണു മക്കൾ. കൗണ്ടി ഡബ്ലിനും വിക്ലോ, മീത്ത് തുടങ്ങിയ അനുബന്ധ കൗണ്ടികളിലും പ്രവർത്തനാധികാരമുള്ള ചുമതലയാണ് ടെൻസിയ സിബിക്ക് നൽകിയിരിക്കുന്നത്. പീസ് കമ്മീഷണർ എന്നത് ഒരു ഓണററി നിയമനമാണ്. അയർലൻഡിലെ വിവിധ ആവശ്യങ്ങളായ രേഖകൾ സാക്ഷ്യപ്പെടുത്തുക, സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുക, ഓർഡറുകൾ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ ചുമതലകൾ.
അത്യാവശ്യമായ സാഹചര്യങ്ങളിൽ സമൻസും വാറന്റുകളും പുറപ്പെടുവിക്കാനുള്ള അധികാരവും പീസ് കമ്മീഷണർമാർക്കു സർക്കാർ നൽകിയിട്ടുണ്ട്.