സ്പാനിഷ് ലാ ലീഗ; തോൽവി അറിയാതെ റയല്‍
Thursday, August 21, 2025 2:52 AM IST
മാഡ്രിഡ്: റയൽ മാഡ്രിഡിന് സ്പാനിഷ് ലാ ലീഗ പുതിയ സീസണിൽ ജയത്തോടെ തുടക്കം.ആദ്യ മത്സരത്തിൽ ഒസാസുനയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയൽ മറികടന്നത്.
ലിവർപൂളിൽ നിന്നെത്തിയ ഇംഗ്ലീഷ് റൈറ്റ് ബാക്ക് ട്രെന്റ് അലക്സാണ്ടർ അരങ്ങേറ്റം കുറിച്ച മത്സരത്തിന്റെ 51-ാം മിനിറ്റിൽ ഫ്രഞ്ച് താരം കിലിയൻ എംബപ്പെ നേടിയ പെനാൽറ്റി ഗോളാണ് റയലിന് തുണയായത്. മുൻതാരം സാബി അലോണ്‍സോ പരിശീലകനായി ചുമതലയേറ്റശേഷമുള്ള റയലിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. കഴിഞ്ഞ തവണത്തെ ലീഗിലെ രണ്ടാം സ്ഥാനക്കാരാണ് റയൽ.
ബോക്സിൽ ഡിഫൻഡർ യുവാൻ ക്രൂസ് ഫൗൾ ചെയ്തതിനെ തുടർന്ന് കിട്ടിയ പെനാൽറ്റിയാണ് എംബപ്പെ ലക്ഷ്യത്തിലെത്തിച്ചത്. 31 ഗോളുമായി കഴിഞ്ഞ തവണത്തെ ഗോൾഡൻ ബൂട്ടിന് ഉടമയാണ് എംബപ്പെ. ലൂക്ക മോഡ്രിച്ചിന്റെ പത്താം നന്പറിലാണ് എംബപ്പെ ഇറങ്ങിയത്.
മത്സരം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ഒസാസുന താരം അബെൽ ബ്രെറ്റോണ്‍സ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ജയത്തോടെ റയൽ മാഡ്രിഡ് അവരുടെ സീസണ് ഓപ്പണറുകളിലെ റിക്കാർഡ് നിലനിർത്തി. കഴിഞ്ഞ 17 ലാ ലിഗ സീസണ് ഓപ്പണിംഗ് മത്സരങ്ങളിലും റയൽ തോൽവി അറിഞ്ഞിട്ടില്ല.