ജ്യേഷ്ഠനു കീഴിൽ കളിക്കാൻ കഴിയുന്നത് അംഗീകാരം: സഞ്ജു
Monday, August 18, 2025 11:50 PM IST
തിരുവനന്തപും: ജ്യേഷ്ഠൻ സാലി സാംസണിന്റെ ക്യാപ്റ്റൻസിക്കു കീഴിൽ കേരളാ ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂടൈഗേഴ്സിനു വേണ്ടി പോരാട്ടത്തിനിറങ്ങാൻ കഴിയുന്നത് അംഗീകാരമായാണ് കാണുന്നതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ്.
ചെറുപ്പം മുതൽ തങ്ങൾ ഇരുവരും ഒരുമിച്ചു കളിച്ചുവളർന്നവരാണ്. തന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തുന്നതിൽ സഹോദരന്റെ ബൗളിംഗ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ഓരോ കളിക്കാരനും അർഹിക്കുന്ന അവസരങ്ങൾ ലഭിക്കുന്നത് പല സമയങ്ങളിലായിരിക്കും. തന്നേക്കാൾ കഠിനാധ്വാനം ചെയ്യുന്ന ക്രിക്കറ്ററാണ് സാലിയെന്നും അദ്ദേഹത്തിന് ഈ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു. സഞ്ജുവാണ് വൈസ് ക്യാപ്റ്റൻ.
നീല പുതച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
ആകാശനീലിമയുടെ മനോഹാരിത നിറഞ്ഞ ജഴ്സിയാണ് കൊച്ചി ബ്ലൂടൈഗേഴ്സിന്റേത്. ഇന്നലെയാണ് ജഴ്സിയുടെ പ്രാകശനം നടന്നത്. കരുത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി നീല നിറത്തിലുള്ള ജഴ്സി ടീം ഉടമ സുഭാഷ് മാനുവൽ, ക്യാപ്റ്റൻ സാലി സാംസണ്, വൈസ് ക്യാപ്റ്റൻ സഞ്ജു സാംസണ്, ഹെഡ് കോച്ച് റൈഫി വിൻസന്റ് ഗോമസ്, കോച്ചിംഗ് ഡയറക്ടർ സി.എം. ദീപക് എന്നിവർ ചേർന്ന് പുറത്തിറക്കി.
ടീമിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം സഞ്ജു സാംസണ് നിർവഹിച്ചു. മോഹൻലാലിന്റെ സാന്നിധ്യവും പ്രിയദർശൻ ഫ്രാഞ്ചൈസി ഏറ്റെടുത്തതും കെസിഎല്ലിന് വലിയ പ്രചോദനമായെന്ന് ടീം ഉടമ സുഭാഷ് മാനുവൽ അഭിപ്രായപ്പെട്ടു. കൂടുതൽ യുവതാരങ്ങളെ കണ്ടെത്താനും വളർത്താനും ലീഗിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.