കിരീടത്തിലേക്ക് പാലക്കാട്
Monday, August 18, 2025 11:50 PM IST
തോമസ് വർഗീസ്
തിരുവനന്തപുരം: സംസ്ഥാന ജൂണിയർ അത്ലറ്റിക് മീറ്റിൽ വ്യക്തമായ മേധാവിത്തത്തോടെ പാലക്കാട് കിരീടത്തിലേക്ക്.
തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 25 സ്വർണവും 16 വെള്ളിയും 26 വെങ്കലവും ഉൾപ്പെടെ 477 പോയിന്റാണ് പാലക്കാടിന്. 19 സ്വർണവും 26 വെള്ളിയും 20 വെങ്കലവുമായി 428.5 പോയിന്റുമായി മലപ്പുറം രണ്ടാമതുണ്ട്.
മൂന്നാം ദിനം 4 റിക്കാർഡ്
മീറ്റിന്റെ അവസാന ദിനമായ ഇന്നലെ നാലു മീറ്റ് റിക്കാർഡുകൾക്കാണ് ചന്ദ്രശേഖരൻനായർ സ്റ്റേഡിയം വേദിയായത്. 20 വയസിൽ താഴെയുള്ളവരുടെ 110 മീറ്റർ ഹർഡിൽസിൽ പാലക്കാടിന്റെ കെ. കിരണ്‍ 13.84 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മെഡൽ നേട്ടത്തിന് അർഹനായത്.
2015-ൽ തൃശൂരിന്റെ മെയ്മോൻ പൗലോസ് സ്ഥാപിച്ച 13.94 സെക്കൻഡ് എന്ന റിക്കാർഡാണ് കിരണ്‍ തിരുത്തിക്കുറിച്ചത്. ഇതേ കാറ്റഗറിയിൽ ഡിസ്കസ് ത്രോയിൽ കാസർഗോഡിന്റെ കെ.സി. സർവാൻ 51.11 മീറ്റർ പായിച്ച് കഴിഞ്ഞ വർഷം സ്ഥാപിച്ച 50.42 മീറ്റർ എന്ന സ്വന്തം ദൂരം തിരുത്തി.
4x100 മീറ്റർ റിലേയിൽ തിരുവനന്തപുരം ടീം 42.57 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് റിക്കാർഡിൽ ഇടം പിടിച്ചത്. തിരുവനന്തപുരം താരങ്ങൾ 2019-ൽ സ്ഥാപിച്ച 42.59 സെക്കൻഡ് എന്ന സമയമാണ് ഇന്നലെ തിരുത്തപ്പെട്ടത്. 18 വയിൽ താഴെയുള്ള പുരുഷൻമാരുടെ 200 മീറ്ററിൽ ആലപ്പുഴയുടെ ടി.എം. അതുൽ 21.77 സെക്കൻഡിൽ ഓടിയെത്തി റിക്കാർഡിൽ ഇടംപിടിച്ചു.