കൗമാര സ്വപ്നങ്ങള്‍...
Wednesday, August 20, 2025 12:24 AM IST
കൗമാരക്കാരുടെ സ്വപ്നങ്ങള്‍ക്കു ചിറകു നല്‍കുന്നതാണ് നാളെ ആരംഭിക്കുന്ന 2025 കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍). ഇതിനോടകം മികവ് തെളിയിച്ച നിരവധി കൗമാരതാരങ്ങളാണ് വിവിധ ടീമുകളില്‍ ഇടം നേടിയിട്ടുള്ളത്. അഹ്മദ് ഇമ്രാന്, ആദിത്യ ബൈജു, ഏദന്‍ ആപ്പിള്‍ ടോം, ജോബിന് ജോബി, കെ.ആര്. രോഹിത് തുടങ്ങിയവരാണ് തരംഗം സൃഷ്ടിക്കാനൊരുങ്ങുന്ന ശ്രദ്ധേയ കൗമാരക്കാര്‍.
പയ്യന്‍സ് രോഹിത്

ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് തൃപ്പൂണിത്തുറ സ്വദേശിയായ കെ.ആര്. രോഹിത്ത്. 16-ാം വയസില്‍ കേരളത്തിനായി അണ്ടര്‍ 19 കളിച്ചു. അടുത്തിടെ നടന്ന എന്‍എസ്കെ ട്രോഫിയില്‍ ഫൈനലിലെ പ്ലെയര്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും രോഹിത് ആയിരുന്നു. കെസിഎല്ലില്‍ തൃശൂര്‍ ടൈറ്റന്‍സാണ് രോഹിതിനെ ഇത്തവണ സ്വന്തമാക്കിയത്.
ഏദന്‍ & ആദിത്യ
കേരളത്തിന്റെ ഫാസ്റ്റ് ബൗളിംഗ് പ്രതീക്ഷകളാണ് ഏദന്‍ ആപ്പിള്‍ ടോമും ആദിത്യ ബൈജുവും. 16-ാം വയസില്‍ കേരളത്തിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഏദന്‍. ആദ്യ മത്സരത്തില്‍ തന്നെ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരവും നേടി. രഞ്ജിയില്‍ വിദര്‍ഭയ്ക്കെതിരേയുള്ള രഞ്ജി ട്രോഫി ഫൈനലില്‍ അടക്കം ഏദന്‍ കേരളത്തിനു വേണ്ടി കളിച്ചിരുന്നു. കൊല്ലം സെയ്ലേഴ്സിനൊപ്പമാണ് ഏദന്‍ കെസിഎല്ലിനെത്തുന്നത്.
എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ താരമാണ് ആദിത്യ. കഴിഞ്ഞ സീസണില്‍ കുച്ച് ബിഹര്‍ ട്രോഫി, വിനു മങ്കാദ് ട്രോഫി തുടങ്ങിയ ജൂണിയര്‍ ടൂര്‍ണമെന്റുകളില്‍ മിന്നും പ്രകടനം കാഴ്ചവച്ച ആദിത്യ ആലപ്പി റിപ്പിള്‍സ് ക്യാമ്പിലുണ്ട്.
പക്വതയോടെ ഇമ്രാന്
കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ അണ്ടര്‍ 19 ക്യാപ്റ്റനായിരുന്ന അഹ്മദ് ഇമ്രാനാണ് മറ്റൊരു യുവതാരം. രഞ്ജി ട്രോഫി സെമി ഫൈനലിലൂടെ കേരള സീനിയര്‍ ടീമിനായും അരങ്ങേറ്റം കുറിച്ചു. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ അഹ്മദ് കേരളത്തിനായി വിവിധ കാറ്റഗറികളില്‍ കളിച്ചിട്ടുണ്ട്. ബാറ്റിംഗിനൊപ്പം ഓഫ് സ്പിന്നറെന്ന നിലയിലും മികവ് തെളിയിച്ചു. കഴിഞ്ഞ സീസണില്‍ തൃശൂര്‍ ടൈറ്റന്‍സിനായി മികച്ച പ്രകടനം കാഴ്ചവച്ച അഹ്മദ് ഇമ്രാനെ (229 റണ്‍സും 5 വിക്കറ്റും) 3 ലക്ഷം രൂപയ്ക്ക് ഇത്തവണ ലേലത്തില്‍ തിരിച്ചെത്തിച്ചു.
ഓള്‍റൗണ്ട് ജോബിന്
കേരളത്തിന്റെ അണ്ടര്‍ 19 ടീമംഗമായ ജോബിന് ജോബി കഴിഞ്ഞ കെസിഎല്‍ സീസണില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിരുന്നു. കൂറ്റനടികളിലൂടെ ശ്രദ്ധേയനായ ജോബിന് ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍ കൂടിയാണ്. കെസിഎ പ്രസിഡന്റ്സ് കപ്പില്‍ മികച്ച ഓള് റൗണ്ട് പ്രകടനത്തിലൂടെ പരമ്പരയുടെ താരമായും ബെസ്റ്റ് പ്രോമിസിംഗ് താരമായും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ സീസണില്‍ 252 റണ്‍സ് നേടിയ ജോബിനെ കൊച്ചി ഇത്തവണയും സ്വന്തമാക്കി. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയാണ്.