പുതിയ തട്ടകത്തില്‍ സെഞ്ചുറിയുമായി പൃഥ്വി ഷാ
Thursday, August 21, 2025 2:52 AM IST
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരമെന്ന ഖ്യാതി നേടി പാതിവഴിയിൽ വീണ പൃഥ്വി ഷാ തിരിച്ചുവരവിന്റെ പാതയിൽ.
ആഭ്യന്തര സീസണിനു മുന്നോടിയായുള്ള ഒരുക്കമായി കാണുന്ന ബുച്ചി ബാബു ടൂർണമെന്റിൽ പുതിയ തട്ടകമായ മഹാരാഷ്ട്രയ്ക്കുവേണ്ടി ആദ്യ മത്സരത്തിൽ സെഞ്ചുറിയുമായി പൃഥ്വി ഷാ വരവറിയിച്ചു.
141 പന്തിൽ 111 റണ്‍സെടുത്ത് പൃഥ്വി ഷാ ടീമിന്റെ ടോപ് സ്കോററായി. 15 ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ഈ സീസണിലാണ് താരം മുംബൈ വിട്ട് മഹാരാഷ്ട്രയ്ക്കൊപ്പം ചേർന്നത്. ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച ദിവസമാണ് പൃഥ്വി ഷായുടെ സെഞ്ചുറി പ്രകടനം.
സഹതാരങ്ങൾ കൂട്ടത്തോടെ നിരാശപ്പെടുത്തിയ ത്രിദിന മത്സരത്തിലാണ് പൃഥ്വി ഷായുടെ ഒറ്റയാൾ പോരാട്ടം. ഗ്രൂപ്പ് എ മത്സരത്തിൽ ഒന്നാം ഇന്നിംഗ്സിൽ 252 റണ്‍സെടുത്ത ഛത്തീസ്ഗഡിനെതിരേ ഷായുടെ സെഞ്ചുറി മികവിൽ മഹാരാഷ്ട്ര നേടിയത് 217 റണ്‍സ്.