കേരളത്തിന്റെ ആദ്യ മെഡൽ നീന്തലിൽ; ഇരട്ട മെഡൽ നേട്ടവുമായി സജൻ പ്രകാശ്
Thursday, January 30, 2025 1:28 AM IST
അനിൽ തോമസ്
ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ ആദ്യ മെഡൽ നീന്തൽ കുളത്തിൽനിന്ന്. നീന്തലിൽ സജൻ പ്രകാശിന്റെ ഇരട്ട വെങ്കലങ്ങളോടെയാണ് കേരളം അക്കൗണ്ട് തുറന്നത്. 200 മീറ്റർ ഫ്രീ സ്റ്റൈലിലിലും 100 മീറ്റർ ബട്ടർഫ്ളൈയിലുമായിരുന്നു സജന്റെ മെഡൽ നേട്ടം.
200 മീറ്റർ ഫ്രീസ്റ്റൈലിലിൽ 1.53.73 സെക്കൻഡിലാണ് സജൻ ഫിനിഷ് ചെയ്തത്. ദേശീയ ചാന്പ്യൻഷിപ്പിൽ സജന്റെ 28-ാം മെഡലാണ്്. കർണാടകയുടെ യുവ അന്താരാഷ്ട്ര താരം ശ്രീഹരി നടരാജാണ് 200 മീറ്റർ ഫ്രീസ്റ്റൈലിൽ ഒന്നാമതെത്തിയത്. കർണാടകയുടെതന്നെ അനിഷ് എസ്. ഗൗഡ വെള്ളി നേടി. ഇന്ന് സജന് മത്സരമില്ല.
100 മീറ്റർ ബട്ടർഫ്ളൈയിൽ 54.52 സെക്കൻഡിലാണ് സജൻ മൂന്നാം സ്ഥാനത്തെത്തിയത്. തമിഴ്നാടിന്റെ ബെനഡിക്ടൻ രോഹിത് (53.89 സെക്കൻഡ്) സ്വർണം നേടി. മഹാരാഷ് ട്രയുടെ മിഹിർ അംബ്രെ (54.24 സെക്കൻഡ്) വെള്ളി നേടി. ഈ ഇനത്തിൽ സജന്റെ പേരിലാണ് ദേശീയ റിക്കാർഡ്. 2023ൽ ഗോവയിൽ നടന്ന ഗെയിംസിൽ 53.79 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് കേരള താരം റിക്കാർഡ് കുറിച്ചത്.
ആദ്യ ദിനം അഞ്ചു സ്വർണവും രണ്ട് വെള്ളിയും ഉൾപ്പെടെ ഏഴു മെഡലുകളുമായി കർണാടകയാണ് ഒന്നാം സ്ഥാനത്ത്. നാലുവീതം സ്വർണവും വെള്ളിയും നേടിയ മണിപ്പൂർ രണ്ടാം സ്ഥാനത്തുമാണ്. പട്ടികയിൽ എട്ടാമതാണ് കേരളത്തിന്റെ സ്ഥാനം.
ഷൂട്ടിംഗിൽ 10 മീറ്റർ എയർ റൈഫിളിൽ കേരളത്തിന്റെ കെ.വി. വിദർഷ ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിൽ 633 പോയിന്റ് നേടി നാലാം സ്ഥാനക്കാരിയായാണ് ഫൈനലിനു അർഹത നേടിയത്.
വനിതകളുടെ ബീച്ച് ഹാൻഡ്ബോളിൽ കേരളം സെമി ഫൈനലിന് യോഗ്യത നേടി. മൂന്നാം മത്സരത്തിൽ ബംഗാളിനെ രണ്ട് പകുതിയിലും പരാജയപ്പെടുത്തി തുടർച്ചയായി മൂന്ന് വിജയം സ്വന്തമാക്കിയാണ് കേരളത്തിന്റെ സെമി ഫൈനൽ പ്രവേശം. കേരളത്തിനുവേണ്ടി അൽഫോൻസ പത്തും അശ്വതി എട്ടും പോയിന്റ് നേടി. ഇന്ന് രാവിലെ നടക്കുന്ന സെമിയിൽ കേരളം ആസാമിനെ നേരിടും. വിജയിച്ചാൽ മെഡൽ ഉറപ്പിക്കാം.
വുഷുവിൽ സാന്ദ്രയും സഫീറും മുഹമ്മദ് സിനാനും പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി. വനിത വിഭാഗം വാട്ടർപോളോയിൽ എതിരില്ലാത്ത 25 ഗോളിന് തമിഴ്നാടിനെ കേരളം തോൽപ്പിച്ചു.
വനിതാ ബാസ്കറ്റ്ബോളിൽ ആദ്യ മത്സരത്തിൽ കേരളം 73-37ന് ഉത്തർപ്രദേശിനെ പരാജയപ്പെടുത്തി. പുരുഷ വിഭാഗം റഗ്ബിയിൽ ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയോട് പരാജയപ്പെട്ട കേരള ടീം രണ്ടാം മത്സരത്തിൽ ഉത്തരാഖണ്ഡിനെ തോൽപ്പിച്ച് സെമി സാധ്യത നിലനിർത്തി.
അവഗണനയ്ക്ക് മറുപടി ജയം
അവഗണനയ്ക്ക് മറുപടി ജയമായി തിരിച്ചു നൽകി കേരളത്തിന്റെ വനിതാ വോളി ടീം. സംസ്ഥാനത്തിന്റെ ഒൗദ്യോഗിക ജഴ്സിയില്ലാതെ ഇറങ്ങേണ്ടി വന്നതിലുള്ള അമർഷം പ്രകടിപ്പിക്കാൻ ജയിച്ചു കാണിക്കുക അല്ലാതെ വേറൊരു മാർഗം അവർക്കു മുന്നിൽ ഉണ്ടായിരുന്നില്ല.
ഇന്നലെ രാവിലെ നടന്ന വനിതാ വിഭാഗം ആദ്യഘട്ട മത്സരത്തിൽ ടീം ധരിച്ചത് കേരളത്തിലെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനം സ്പോണ്സർ ചെയ്ത ജേഴ്സി ആയിരുന്നു. ചൊവ്വാഴ്ച രാത്രി വൈകിയും കേരളത്തിന്റെ ഒൗദ്യോഗിക ജഴ്സി ലഭിക്കാതെ വന്നതോടെയാണ് മറ്റൊരു ജഴ്സി ധരിച്ചു ടീമിന് മത്സരത്തിൽ പങ്കെടുക്കേണ്ടി വന്നത്. ടീം മത്സരത്തിനിറങ്ങുക കേരളത്തിന്റെ ഒൗദ്യോഗിക ജഴ്സി ധരിച്ചാകും എന്ന ഉറപ്പ് അവസാന നിമിഷം വരെ പാലിക്കാൻ സ്പോർട്സ് കൗണ്സിലിനായില്ല.
രുദ്രപുരിലെ ശിവാലിക് സെന്ററിൽ രാവിലെ നടന്ന വനിതാ വോളിയിൽ എതിരാളിയായ പശ്ചിമ ബംഗാളിനെ 25-22, 25-15, 25-11 എന്ന സ്കോറിനാണ് കേരളം പരാജയപ്പെടുത്തിയത്. കേരളത്തിനുവേണ്ടി കെ.എസ്. ജിനി, ജി. അജുമോൾ, കെ.പി. അനുശ്രീ, ആർ.എസ്. ശില്പ, കെ. വീണ, അശ്വതി രവീന്ദ്രൻ, അനഘ രാധാകൃഷ്ണൻ, ജിൻസി ജോണ്സൻ, ശിവപ്രിയ ഗോവിന്ദ് എന്നിവർ കളത്തിലിറങ്ങി.
തങ്ങൾ നേരിട്ട അവഗണനയ്ക്കുള്ള മറുപടിയാണ് ഈ വിജയമെന്നാണ് ടീം മാനേജ്മെന്റ് പറഞ്ഞത്.
സ്വർണ പ്രതീക്ഷയിൽ റോവിംഗ് ടീം
നാഷണൽ ചാന്പ്യൻഷിപ്പിൽ സ്വർണം നേടിയതിന്റെ ആത്മവിശ്വാസവുമയാണ് കേരള റോവിംഗ് ടീം ഉത്തരാഖണ്ഡിൽ വിമാനമിറങ്ങിയത്. കഴിഞ്ഞ ഗോവ നാഷണൽ ഗെയിംസിൽ രണ്ട് സ്വർണം ഉൾപ്പെടെ മൂന്ന് മെഡലായിരുന്നു കേരളത്തിന്റെ നേട്ടം. ഇത്തവണ അത് അഞ്ചാക്കി ഉയർത്തുകയാണ് ലക്ഷ്യം. ഇതിനായി മികച്ച താരനിരയുമായാണ് കേരള ടീം 38-ാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്.
14 വനിതകളും നാലു പുരുഷന്മാരും ടീമിൽ ഉണ്ട്. വനിതകൾ അഞ്ച് ഇനങ്ങളിലും പുരുഷന്മാർ നാല് ഇനത്തിലും മത്സരിക്കും. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത പി.ബി. അശ്വതി, കെ.ബി. വർഷ, റോസ് മരിയ ജോഷി എന്നിവർ ടീമിൽ ഉണ്ട്. അടുത്ത മാസം 3, 4, 5 തീയതികളിൽ തെഹ്രി സ്പോർട്സ് കോംപ്ലക്സിലാണ് റോവിംഗ് മത്സരങ്ങൾ.
മൂന്ന് കോച്ചുമാരും രണ്ടു മാനേജർമാരും ഉൾപ്പെട്ട 23 അംഗ ടീം 25ന് തന്നെ ഉത്തരാഖണ്ഡിൽ എത്തി പരിശീലനം ആരംഭിച്ചിരുന്നു. ഇവിടത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനാണ് നേരത്തേ എത്തിയത്. ആലപ്പുഴ പുന്നമടക്കായലിലായിരുന്നു നാട്ടിലെ ടീമിന്റെ പരിശീലനം. മികച്ച ആത്മവിശ്വാസത്തിലാണ് ടീമെന്ന് മാനേജർ എം. ജേക്കബ് പറഞ്ഞു.