38-ാമത് ദേശീയ ഗെയിംസിനു തിരിതെളിഞ്ഞു
Wednesday, January 29, 2025 12:36 AM IST
അനിൽ തോമസ്
ഉത്തരാഖണ്ഡിലെ ഹിമാലയൻ മല ഞ്ചെരിവുകൾക്കു താഴെ ഇനി 18നാൾ കായിക ആരവങ്ങൾ മാത്രം. സംസ്ഥാനം രൂപീകൃതമായതിന്റെ 25-ാം വർഷത്തിൽ വിരുന്നെത്തിയ 38-ാമത് ദേശീയ ഗെയിംസിനു പ്രധാനമന്ത്രി നരേന്ദ്രമോദി തിരിതെളിച്ചു. ഉത്തരാഖണ്ഡിൽ നിന്നുള്ള വിശേഷങ്ങൾക്കാകും രാജ്യത്തിന്റെ കായികമേഖല ഇനി കണ്ണും കാതും കൂർപ്പിച്ചിരിക്കുക.
ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന മാർച്ച് പാസ്റ്റിൽ അന്താരാഷ് ട്ര ബാസ്കറ്റ് ബാൾ താരം പി.എസ്. ജീന പതാകയേന്തി കേരള സംഘത്തെ നയിച്ചു. പുരുഷ വിഭാഗത്തിൽ വുഷു താരം മുഹമ്മദ് ജാസിറായിരുന്നു പതാകയേന്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് ബാസ്കറ്റ്ബോൾ, റഗ്ബി, വെയ്റ്റ്ലിഫ്റ്റിംഗ്, ബാഡ്മിന്റണ്‍, വുഷു, ഷൂട്ടിംഗ് ഇനങ്ങളിൽ നിന്നായി 20 താരങ്ങൾ മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. ചീഫ് ഡി മിഷൻ സെബാസ്റ്റ്യൻ സേവ്യർ, ഡെപ്യൂട്ടി ചീഫ് ഡി മിഷൻ വിജു വർമ എന്നിവരും മാർച്ച്പാസ്റ്റിൽ അണിനിരന്നു.
കേരള @ 550
437 കായിക താരങ്ങളും 113 ഒഫീഷൽസും ഉൾപ്പെടെ കേരളത്തെ പ്രതിനിധീകരിച്ച് 550 അംഗ സംഘമാണ് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നത്. 29 കായിക ഇനങ്ങളിൽ കേരള താരങ്ങൾ മാറ്റുരയ്ക്കും. 52 കായിക താരങ്ങളും 13 ഒഫീഷൽസുമടങ്ങുന്ന അത്ലറ്റിക്സാണ് കേരളത്തിൽ നിന്നുള്ള ഏറ്റവും വലിയ കായിക സംഘം.
വേദികൾ 11
മുഖ്യവേദിയായ ഡെറാഡൂണ്‍ ഉൾപ്പെടെ 11 വേദികളിലായാണ് മത്സരങ്ങൾ. ഹരിദ്വാർ, ഋഷികേശ് ശിവ്പുരി, ന്യൂ തെഹ്രി, നൈനിറ്റാൾ, ഹൽദ്വാനി, രുദ്രാപുർ എന്നിവിടങ്ങളിലും മത്സരമുണ്ടാകും. കേരളം പങ്കെടുക്കുന്ന ആർച്ചറി, അത്ലറ്റിക്സ്, വെയ്റ്റ്ലിഫ്റ്റിംഗ്, ബാസ്കറ്റ്ബോൾ, ജിംനാസ്റ്റിക്സ്, ടേബിൾ ടെന്നീസ്, ബാഡ്മിന്റണ്‍, ഷൂട്ടിംഗ്, നെറ്റ്ബോൾ, റഗ്ബി, വുഷു, സ്ക്വാഷ്, ജൂഡോ മത്സരങ്ങൾ ഡെറാഡൂണിലെ വിവിധ വേദികളിലായി നടക്കും. ഹരിദ്വാറിൽ പ്രദർശന ഇനമായ കളരിപ്പയറ്റിൽ മാത്രമാണ് കേരളം പങ്കെടുക്കുക.
ഭാഗ്യചിഹ്നം മൗലി
ഉത്തരാഖണ്ഡിന്റെ സംസ്ഥാന പക്ഷിയായ മൊനാലിന്റെ രൂപത്തിലാണ് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൗലി എന്നാണ് പേരിട്ടിരിക്കുന്നത്. ഹിമാലയൻ താഴ്വരകളിൽ കാണപ്പെടുന്ന പക്ഷിയാണ് മൊനാൽ. ആവാസവ്യവസ്ഥയിലെ കടന്നുകയറ്റങ്ങൾ ഇവയ്ക്ക് വംശനാശഭീഷണി ഉയർത്തുന്നതുകൂടി ശ്രദ്ധയിൽ പെടുത്താനാണ് മൊനാലിനെ ഭാഗ്യചിഹ്നമാക്കി മാറ്റിയത്.
അഞ്ചിൽ താഴുമോ?
കഴിഞ്ഞ ഗോവ ഗെയിംസിൽ മെഡൽ നേട്ടത്തിൽ അഞ്ചാം സ്ഥാനത്തെത്തിയ കേരളം ഇത്തവണ നില മെച്ചപ്പെടുത്തുമോയെന്നതാണ് സുപ്രധാന ചോദ്യം. കളരിപ്പയറ്റിൽ നേടിയ മെഡലുകളുടെ പിൻബലത്തിലാണ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ കേരളത്തിനായത്. ഇത്തവണ കളരിപ്പയറ്റ് മത്സരയിനമല്ല. 228 മെഡലുകളിലുമായി മഹാരാഷ്ട്ര കഴിഞ്ഞ തവണ ഓവറോൾ ചാന്പ്യന്മാരായി. കേരളത്തിന്റെ സന്പാദ്യം 87 മെഡലുകളായിരുന്നു.
ആഘോഷം കെങ്കേമം
ഉത്തരാഖണ്ഡിന്റെ പരന്പരാഗത സംഗീതപരിപാടിയോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. പുഷ്പങ്ങൾകൊണ്ട് അലങ്കരിച്ച തുറന്ന വാഹനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്റ്റേഡിയത്തിലേക്ക് ആനയിച്ചു. ഭാരതത്തിന്റെ പൈതൃകം വിളിച്ചോതുന്നതായിരുന്നു സ്വാഗത നൃത്തം. രാജ്യത്തിന്റെ പരന്പരാഗത നൃത്തരൂപങ്ങളുടെ അവതരണം ശ്രദ്ധേയമായി.
രാജ്യത്തിന്റെ കായിക നേട്ടങ്ങൾ വിവരിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മെഡൽ പ്രതീക്ഷയിൽ സജൻ ഇറങ്ങുന്നു
ദേശീയ ഗെയിംസിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷയായി നീന്തൽ താരം സജൻ പ്രകാശ് ഇന്നിറങ്ങും. പുരുഷ വിഭാഗം 200 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബട്ടർഫൈ സ്ട്രോക്ക് ഇനങ്ങളിലാണ് സജൻ മത്സരിക്കുക. ദേശീയ ഗെയിംസിൽ കേരളത്തിനുവേണ്ടി ഏറ്റവും അധികം മെഡൽ നേടിയ താരമാണ് അർജുന അവാർഡ് ജേതാവ് കൂടിയായ സജൻ. ഇതുവരെ 26 മെഡലുകളാണ് ദേശീയ ഗെയിംസിൽനിന്ന് സജൻ നീന്തിയെടുത്തത്.
ഇടുക്കി മണിയാറംകുടി സ്വദേശിനിയും മുൻ ദേശീയ അത്ലറ്റുമായ വി.ജെ. ഷാന്റിമോളുടെ മകനാണ് സജൻ. ആറാം വയസിൽ നീന്തലിൽ മെഡൽ കൊയ്ത്ത് തുടങ്ങിയതാണ്. 13 വർഷമായി രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. രണ്ട് ഒളിന്പിക്സുകളിലും മൂന്ന് കോമണ്‍വെൽത്ത് ഗെയിംസിലും മൂന്ന് ഏഷ്യൻ ഗെയിംസിലും രാജ്യത്തെ പ്രതിനിധീകരിച്ചു.
ഒളിന്പിക്സിനുള്ള എ ലെവൽ യോഗ്യതാ മാർക്ക് പിന്നിട്ട ആദ്യ ഇന്ത്യൻ നീന്തൽ താരവും സജനാണ്. കേരള ആംഡ് പോലീസിൽ അസിസ്റ്റന്റ് കമൻഡാന്റാണ് സജൻ.
വോളി ടീം കോർട്ടിൽ; കേരളത്തിന് 11 മത്സരങ്ങൾ
ഡെറാഡൂണ്‍: കോടതി ഉത്തരവ് നേടി കേരള ടീമിന്റെ ഭാഗമായ വോളിബോൾ ടീം ഇന്നു കളത്തിൽ. ഹൽദ്വാനിയിലെ ശിവലിഖ് ഹാളിൽ വനിതാ ടീം ബംഗാളിനെയും പുരുഷ ടീം സർവീസസിനെയും നേരിടും. വനിതാ ബാസ്കറ്റ്ബോളിൽ ഉത്തർപ്രദേശാണ് കേരളത്തിന്റെ എതിരാളി.
പുരുഷ വിഭാഗം ഖോ-ഖോയിൽ രണ്ടാം മത്സരത്തിന് ഇറങ്ങുന്ന കേരളം മഹാരാഷ്ട്രയെ നേരിടും. വനിതാ വിഭാഗം ബീച്ച് ഹാൻഡ്ബോളിൽ മൂന്നാം മത്സരത്തിൽ ബംഗാളാണ് കേരളത്തിന്റെ എതിരാളി. റഗ്ബിയിൽ പുരുഷ വിഭാഗം മഹാരഷ്ട്രയെയും വനിതകൾ ബംഗാളിനെയും നേരിടും.
വനിതാ വിഭാഗം വാട്ടർ പോളോയിൽ കേരളം തമിഴ്നാടിനെയും പുരുഷന്മാർ മണിപ്പുരിനെയും നേരിടും. വനിത ടീം കഴിഞ്ഞ തവണ സ്വർണം നേടിയ ഇനമാണ്. 10 മീറ്റർ എംടിആർ എയർ റൈഫിളിൽ വിദർശ കെ. വിനോദ് മത്സരിക്കും. വുഷു ഇനത്തിലും കേരളത്തിന് ഇന്നു മത്സരമുണ്ട്.
പ്രദർശന മത്സരമായി കളരിയും ഇന്ന് ആരംഭിക്കും. വനിതാ പുരുഷ വിഭാഗം സ്വാഡ് സ്വാഡ്, മെയ്പയറ്റ്, ചുവടുകൾ, ഉറുമിയും ഷീൾഡും, ഉറുമി വീശൽ എന്നിങ്ങനെയാണ് മത്സരവിഭാഗങ്ങൾ.
ബീച്ച് ഹാൻഡ്ബോളിലും ബാസ്കറ്റിലും ജയം
ഋഷികേശിൽ നടന്ന ബീച്ച് ഹാൻഡ് ബോളിൽ കേരളത്തിന്റെ വനിതാ ടീമിനു ജയം. ഛത്തീസ്ഗഡിനെയാണ് പരാജയപ്പെടുത്തിയത്.
വനിതകളുടെ ബാസ്കറ്റ്ബോളിലും ഛത്തീസ്ഗഡിനെതിരേ കേരള വനിതകൾ വിജയിച്ചു.