ഏഴാം നാൾ...ലോക ചെസ് ചാന്പ്യൻഷിപ്പിലേക്ക് ഇനി ഏഴു ദിനങ്ങളുടെ അകലം
സോബിച്ചൻ തറപ്പേൽ
Monday, November 18, 2024 2:36 AM IST
ഇന്ത്യയിൽനിന്നും ലോക ചെസ് ചാന്പ്യൻ പട്ടത്തിനായി മറ്റൊരു തമിഴ്നാട്ടുകാരൻ, അഞ്ചു തവണ ലോക കിരീടം ചൂടിയ വിശ്വനാഥൻ ആനന്ദിനുശേഷം ഈ പട്ടം സ്വന്തമാക്കാൻ ചെന്നൈയിൽ നിന്നുള്ള ദൊമ്മരാജു ഗുകേഷ് 25 മുതൽ കരുനീക്കും.
ഇന്നേക്ക് ഏഴാംനാൾ ലോക കിരീട പോരാട്ടം... നിലവിലെ ലോക ചാന്പ്യനായ ചൈനയുടെ ഡിങ് ലിറെനാണ് പതിനെട്ടുകാരനായ ഗുകേഷിന്റെ എതിരാളി. ഇന്ത്യ x ചൈന യുദ്ധമെന്നു വിശേഷിപ്പിക്കാവുന്ന പോരാട്ടത്തിൽ ഗുകേഷിന്റെ കരുനീക്കങ്ങളിലേക്കാണ് ചെസ് പ്രേമികളുടെ ശ്രദ്ധ. ഡിങ് ലിറെനെ കീഴടക്കിയാൽ ഏറ്റവും പ്രായംകുറഞ്ഞ ലോക ചെസ് ചാന്പ്യൻ എന്ന റിക്കാർഡ് ഗുകേഷ് നേടും. 22-ാം വയസിൽ ലോക ചാന്പ്യനായ ഗാരി കാസ്പരോവിന്റെ റിക്കാർഡ് അതോടെ പഴങ്കഥ.
ഏഴാം വയസിൽ കരുനീക്കം
2006 മേയ് 29നു ചെന്നൈയിലാണ് ഗുകേഷിന്റെ ജനനം. ആന്ധ്രപ്രദേശിൽനിന്നു ചെന്നൈയിലെത്തിയ ഇഎൻടി ശാസ്ത്രക്രിയാ വിദഗ്ധനായ ഡോ. രജനീകാന്തും മൈക്രോ ബയോളജിസ്റ്റായ ഡോ. പദ്മയുമാണ് ഗുകേഷിന്റെ മാതാപിതാക്കൾ.
ചെന്നൈയിലെ മേൽ അയന്പകത്തുള്ള വേലമ്മൾ വിദ്യാലയ സ്കൂളിൾ വിദ്യാർഥിയായിരിക്കേ ഏഴാം വയസിൽ ചെസ് പഠിച്ചു. മാതാപിതാക്കൾ ചെസ് കളിക്കുന്നതു കണ്ടാണ് കരുനീക്കം ആരംഭിച്ചത്. തുടക്കത്തിൽ ആഴ്ചയിൽ മൂന്നുദിവസം ഒരു മണിക്കൂർ വീതം ചെസ് പരിശീലിച്ചു. ഗുകേഷിന്റെ മികവ് തിരിച്ചറിഞ്ഞ അധ്യാപകർ വരാന്ത്യങ്ങളിൽ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ തുടങ്ങി.
ആർ. പ്രഗ്നാനന്ദ അണ്ടർ-9 കാറ്റഗറിയിൽ ലോകചന്പ്യനായ കാലം. “നിന്നെക്കാൾ ഒരു വയസ് മാത്രം കൂടുതലുള്ള പ്രഗ്നാനന്ദ ലോകചന്പ്യനായതു കണ്ടില്ലേ” എന്ന് അച്ഛൻ ചോദിച്ചപ്പോൾ മുതൽ പ്രാഗ്നെ ശ്രദ്ധിക്കാൻ തുടങ്ങി ഗുകേഷ്. ഒരുനാൾ ഞാനും ഈ അണ്ണനെപോലെ വലിയവനാകുമെന്നു ഗുകി സ്വപ്നം കാണാൻ തുടങ്ങി. അണ്ണനോളവും അണ്ണനേക്കാളും വളർന്നുകഴിഞ്ഞു. ഇരുവരും ഇന്ന് ഏറ്റം അടുപ്പം കാത്തുസൂക്ഷിക്കുന്ന ഇന്ത്യയുടെ ചെസ് മുഖങ്ങളാണെന്നതും വാസ്തവം.
സിംഗപുരിൽ ലോക പോരാട്ടം
2024 ലോക ചാന്പ്യൻഷിപ് വേദിക്കായി ഇന്ത്യയിൽനിന്നു ചെന്നൈയും ഡൽഹിയും കൂടാതെ സിംഗപുരുമാണ് അപേക്ഷ നൽകിയത്. ജൂലൈയിൽ സിംഗപുരാണു ആതിഥേയ നഗരമെന്നു ഫിഡേ പ്രഖ്യപിച്ചു. ഈ മാസം 23നാണ് ലോക ചെസ് ചാന്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം. 24നു വിശ്രമദിനം, തുടർന്ന് 25-ാം തീയതി ഡിസംബർ 12വരെ നീളുന്ന ക്ലാസിക്കൽ പോരാട്ടത്തിന്റെ 14 റൗണ്ട് അരങ്ങേറും. ഇതിൽ ഏഴര പോയിന്റ് ലഭിക്കുന്നയാൾ ലോക ചാന്പ്യനാകും. ഓരോ ദിവസവും ഓരോ ഗെയിം വീതമാണ്. 14 റൗണ്ടും പൂർത്തിയായിട്ടും സമനിലയാണെങ്കിൽ ഡിസംബർ 13നു ടൈ ബ്രേക്ക്. ഡിസംബർ 14നാണ് സമാപന ചടങ്ങ്.
ആദ്യ ടൈബ്രേക്ക് മത്സരത്തിൽ ഒന്നാം നീക്കം മുതൽ പത്തു സെക്കൻഡ് അഡിഷ്ണലായി ലഭിക്കുന്ന പതിനഞ്ചു മിനിറ്റ് ഓരോ കളിക്കാരനുമുള്ള നാലു റാപിഡ് ഗയിമുകളാണ് നടക്കുക. ഇതിൽ രണ്ടര പോയിന്റ് ലഭിക്കുന്നയാൾ വിജയിക്കും. തുടർന്നും സമനിലയാണെങ്കിൽ അഞ്ചു സെക്കൻഡ് ഓരോ നീക്കത്തിനും ഇൻക്രിമെന്റുള്ള പത്തു മിനിറ്റിന്റെ രണ്ടു റാപ്പിഡ് ഗായിമുകളാണ് കളിക്കേണ്ടത്. ഇതിൽ ഒന്നര പോയിന്റ് നേടുന്നയാൾ ജേതാവാകും.
റാപിഡ് മാച്ചിലും തുല്യതയാണെങ്കിൽ ബ്ലിറ്റ്സ് ഗെയിമുകളിലേക്കു മത്സരം നീങ്ങും. ആദ്യമായി രണ്ടു സെക്കൻഡ് ഓരോ നീക്കത്തിനും അധികമായി കിട്ടുന്ന മൂന്നുമിനിറ്റുള്ള രണ്ടു ബ്ലിറ്റ്സ് ഗെയിമുകളാണുള്ളത്. ഇതിൽ 1.5 പോയിന്റ് ലഭിക്കുന്നയാൾ ജയിക്കും. ഇവിടെ ഓരോ മത്സരത്തിനും നറുക്കിട്ടാണ് മത്സരാർഥികൾക്കു ലഭിക്കേണ്ട കരുക്കളുടെ കളർ തീരുമാനിക്കുക. വീണ്ടും സമനില വന്നാൽ ഇതേ സമയക്രമത്തിൽ ഒരു ബ്ലിറ്റ്സ് ഗെയിംകൂടെ കളിക്കും. തുടർന്നും സമനിലയാണെങ്കിൽ എതിർകളർ കരുക്കൾ നൽകിക്കൊണ്ട് ഇതേ സമയക്രമത്തിൽ വിജയിയെ തീരുമാനിക്കുന്നതുവരെ തുടർച്ചയായി ബ്ലിറ്റ്സ് ഗെയിമുകൾ നടത്തും. 40 നീക്കങ്ങൾക്കുള്ളിൽ സ്റ്റേയിൽമേറ്റോ മൂന്നുതവണ ആവർത്തന പൊസിഷാനോ സംഭവിക്കാത്തപക്ഷം സമനില സമ്മതിച്ചു കളിയവസാനിപ്പിക്കുവാൻ പാടില്ല.
ഡിങ് ലിറെൻ
2023 ലോക ചാന്പ്യൻഷിപ്പിൽ റഷ്യയുടെ ഇയാൻ നിപ്പോംനിഷിയെ തോൽപ്പിച്ചാണ് ചൈനയുടെ ഡിങ് ലിറെൻ കിരീടം ചൂടിയത്. മുപ്പത്തിരണ്ടുകാരനായ ഡിങ് ലിറെൻ മൂന്നു തവണ ചൈനയുടെ നാഷണൽ ചാന്പ്യനായിരുന്നു. 2019ൽ ഗ്രാൻഡ് ചെസ് ടൂറും സ്വിൻക്ഫീൽഡ് കപ്പും വിജയിച്ചു. കാൻഡിഡേറ്റ്സ് കളിച്ചിട്ടുള്ള, ലോക ചാന്പ്യനായ ഏക ചൈനക്കാരൻ.
2024ൽ പങ്കെടുത്ത മത്സരങ്ങളിലൊന്നും നല്ല പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാത്തതിനാൽ 2778 റേറ്റിംഗ് പോയിന്റിൽനിന്നും 2728ലേക്കിറങ്ങി. റാങ്കിംഗിൽ 23-ാം സ്ഥാനത്താണിപ്പോൾ. 2024ലെ ചെസ് ഒളിന്പ്യാഡിൽ ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയപ്പോൾ ഒന്നാം ബോർഡിൽ ഗുകേഷുമായി കളിക്കേണ്ട ഡിങ് ആ റൗണ്ട് ഒഴിവാക്കുകയാണുണ്ടായത്. ഗുകേഷുമായി മുന്പു മൂന്നു ക്ലാസിക്കൽ ഗെയിം കളിച്ചതിൽ ഡിങിനു രണ്ടു വിജയവും ഒരു സമനിലയുമാണുള്ളത്.
ചരിത്രത്തിൽ ആദ്യമായി രണ്ട് ഏഷ്യൻ താരങ്ങൾ ലോക ചെസ് ചാന്പ്യൻ പദവിക്കായി പോരാടുന്നുവെന്ന പ്രത്യേകതയും ഗുകേഷ് x ഡിങ് മത്സരത്തിനുണ്ട്. ലോകചാന്പ്യൻ പട്ടം സ്വന്തമാക്കി, പേര് സൂചിപ്പിക്കുന്നതുപോലെ ഇന്ത്യയുടെ പുണ്യമാകട്ടെ ഗുകേഷ്...
അദ്ഭുത കൗമാരക്കാരൻ
ഗുകേഷ് കരസ്ഥമാക്കിയ നേട്ടങ്ങൾ അദ്ഭുതാവഹമാണ്. 2015 ഏഷ്യൻ സ്കൂൾ ചെസ് ചാന്പ്യൻഷിപ്പിന്റെ അണ്ടർ-9 വിഭാഗത്തിലും 2018 ലോക യുത്ത് ചെസ് ചാന്പ്യൻഷിപ്പിലെ അണ്ടർ-12 വിഭാഗത്തിലും ജേതാവായി. 2018 ഏഷ്യൻ യൂത്ത് ചെസ് ചാന്പ്യൻഷിപ്പിൽ അണ്ടർ-12 വ്യക്തിഗത റാപിഡ്, ബ്ലിറ്റ്സ്, അണ്ടർ-12 വ്യക്തിഗത ക്ലാസിക്കൽ എന്നീ ഫോർമാറ്റുകളിൽ അഞ്ചു സ്വർണമെഡലുകൾ നേടി.
2019 ജനുവരി 15നു 12 വയസും ഏഴു മാസവും 17 ദിവസവും പ്രായമുള്ളപ്പോൾ രണ്ടാമത്തെ ഏറ്റവും പ്രായംകുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ ആയി. 2022 ഒക്ടോബറിൽ എയിം ചെസ് റാപ്പിഡ് ടൂർണമെന്റിൽ അഞ്ചുതവണ ലോക ചാന്പ്യനായ മാഗ്നസ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റം പ്രായം കുറഞ്ഞ കളിക്കാരനായി ഗുകേഷ്. 2023 സെപ്റ്റംബറിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ഒന്നാം റാങ്കുകാരനായി. 37 വർഷത്തിനുശേഷമായിരുന്നു ആനന്ദിന് ഒന്നാം റാങ്ക് നഷ്ടമാകുന്നത്.
2024 കാൻഡിഡേറ്റ്സ് ടൂർണമെന്റിനു യോഗ്യത നേടി (ബോബി ഫിഷറിനും മാഗ്നസ് കാൾസനും ശേഷം കാൻഡിഡേറ്റസ് ടൂർണമെന്റിൽ കളിക്കുന്ന ഏറ്റം പ്രായംകുറഞ്ഞ കളിക്കാരനാണ്). ലോകത്തിലെ ഏറ്റം പ്രായംകുറഞ്ഞ കാൻഡിഡേറ്റ്സ് വിജയിയായി, ലോക ചെസ് പട്ടത്തിനായി മത്സരിക്കുന്ന ഏറ്റം പ്രായം കുറഞ്ഞ താരം എന്ന കീർത്തിയും ഗുകേഷിനു സ്വന്തം. റേറ്റിംഗിൽ 2800 കടക്കുന്ന പതിനെട്ടാമൻ എന്ന നേട്ടവും സ്വന്തമാക്കി.
സമ്മാനത്തുക
രണ്ടര മില്യണ് (25 ലക്ഷം) അമേരിക്കൻ ഡോളറാണ് ലോക ചെസ് ചാന്പ്യൻഷിപ്പിന്റെ ആകെ സമ്മാനത്തുക. ഓരോ ഗെയിമും ജയിക്കുന്നയാൾക്ക് രണ്ടു ലക്ഷം ഡോളർ വീതം ലഭിക്കും. ബാക്കി തുക ഇരുവർക്കും തുല്യമായി പങ്കിടും. ടൈബ്രേക്കിലേക്കു മത്സരം കടന്നാൽ ചാന്പ്യന് 1.3 മില്യണ് ഡോളറും റണ്ണർ അപ്പിന് 1.2 മില്യണ് ഡോളറുമാണ് നൽകുക.