രോഹിത് ഇല്ല; പെർത്ത് ടെസ്റ്റിൽ ബുംറ ഇന്ത്യൻ ക്യാപ്റ്റൻ
Monday, November 18, 2024 2:36 AM IST
പെർത്ത്: ന്യൂസിലൻഡിന് എതിരായ മൂന്നു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പര ദയനീയമായി പരാജയപ്പെട്ടതിന്റെ ക്ഷീണത്തിൽ ഓസ്ട്രേലിയൻ മണ്ണിൽ കാലുകുത്തിയ ടീം ഇന്ത്യക്കു കഷ്ടകാലം.
ക്യാപ്റ്റൻ രോഹിത് ശർമ, ടോപ് ഓർഡർ ബാറ്റർ ശുഭ്മാൻ ഗിൽ എന്നിവർ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചു മത്സര ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കൊപ്പം ഉണ്ടാകില്ല. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ 22 മുതലാണ് പരന്പരയിലെ ആദ്യ മത്സരം.
രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് രോഹിത് ശർമ ഇന്ത്യയിൽ തുടരുകയായിരുന്നു. ഇതോടെ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കും. ഡിസംബർ ആറിന് അഡ്ലെയ്ഡിൽ നടക്കുന്ന ഡേ-നൈറ്റ് (പിങ്ക് ബോൾ) ടെസ്റ്റിനു മുന്പായി രോഹിത് ഇന്ത്യൻ ക്യാന്പിൽ ചേരുമെന്നാണ് റിപ്പോർട്ട്.
രോഹിത്-റിതിക ദന്പതികളുടെ രണ്ടാമത്തെ കുഞ്ഞ് വെള്ളിയാഴ്ചയാണ് പിറന്നത്. നവംബർ 30നു നടക്കുന്ന പരിശീലന മത്സരത്തിൽ ഇന്ത്യക്കൊപ്പം രോഹിത് ഉണ്ടാകും.
ഗില്ലിനു പകരം ദേവ്ദത്ത്
പരിശീലന മത്സരത്തിനിടെ പരിക്കേറ്റ് ശുഭ്മാൻ ഗില്ലിനു പകരം ഇന്ത്യൻ ക്യാന്പിൽ ദേവ്ദത്ത് പടിക്കൽ ചേർന്നു. സ്ലിപ്പിൽ ക്യാച്ച് എടുക്കുന്നതിനിടെയാണ് ഗില്ലിനു പരിക്കേറ്റത്. കെ.എൽ. രാഹുലായിരിക്കും യശസ്വി ജയ്സ്വാളിന്റെ ഒപ്പം ഓപ്പണിംഗിൽ ഇറങ്ങുകയെന്നാണ് കരുതപ്പെടുന്നത്.
രാഹുൽ തിരിച്ചെത്തി
പരിശീലന മത്സരത്തിനിടെ പരിക്കേറ്റു വിശ്രമത്തിലായിരുന്ന കെ.എൽ. രാഹുൽ ഇന്നലെ നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തി. പെർത്തിലെ വാക പിച്ചിന്റെ അപ്രതീക്ഷിത സ്വിംഗും ബൗണ്സുമായിരുന്നു ഇന്ത്യൻ താരത്തിന്റെ പരിക്കിനു കാരണമായത്. പ്രസിദ്ധ് കൃഷ്ണയുടെ പന്ത് കൊണ്ടായിരുന്നു രാഹുലിനു പരിക്കേറ്റത്.