ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയുടെ ന്യൂജൻ ആവേശം
Saturday, November 16, 2024 10:36 PM IST
വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ഇന്ത്യ x ദക്ഷിണാഫ്രിക്ക നാലാം ട്വന്റി-20 ക്രിക്കറ്റ് പോരാട്ടം. സഞ്ജു സാംസണും തിലക് വർമയും തകർപ്പൻ ബാറ്റിംഗുമായി ക്രീസിൽ.
ഇന്ത്യൻ ഇന്നിംഗ്സിലെ 16-ാം ഓവർ. പന്ത് എറിയുന്നത് ദക്ഷിണാഫ്രിക്കയുടെ പേസർ മാർക്കോ യാൻസണ്. ആദ്യ അഞ്ചു പന്തിലും ഒരു ബൗണ്ടറിപോലും നേടാൻ സഞ്ജുവിനും തിലക് വർമയ്ക്കും സാധിച്ചില്ല. അവസാന പന്ത് നേരിടാൻ ക്രീസിലുള്ളത് തിലക് വർമ.
ഒന്നാം ഓവറിനുശേഷം വേലിക്കെട്ടിനു പുറത്ത് പന്തു പോകാതിരിക്കുന്ന മറ്റൊരു ഓവർ ആകുമോ അതെന്നായിരുന്നു ഏവരുടെയും ആകാംക്ഷ. എന്നാൽ, ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെ പന്ത് നിലംതൊടാതെ ഗാലറിയിലേക്കു പറത്തുകയായിരുന്നു തിലക് വർമ ചെയ്തത്. ഇന്ത്യൻ ബാറ്റിംഗിന്റെ മാനസിക ആധിപത്യം വിളിച്ചോതുന്നതായിരുന്നു ആ ഷോട്ട്.
സമുദ്രനിരപ്പിൽ നിന്ന് 1.8 കിലോമീറ്റർ ഉയരത്തിലാണ് വാണ്ടറേഴ്സ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. കാറ്റിന്റെ അതിപ്രസരമില്ല. അതുകൊണ്ടുതന്നെ അടികൊണ്ടാൽ പന്ത് പായും. മാത്രമല്ല, സ്ക്വയർ ബൗണ്ടറികൾ 62ഉം 66ഉം മീറ്ററാണ്. ഈ സാഹചര്യങ്ങളെല്ലാം മുതലെടുത്തായിരുന്നു സഞ്ജുവും തിലകും ജൊഹന്നാസ്ബർഗിൽ വണ്ടർ ബാറ്റിംഗ് പുറത്തെടുത്തത്.
തിലക് വർമ 47 പന്തിൽ 10 സിക്സും ഒന്‍പതു ഫോറുമടക്കം 120 റണ്‍സുമായി പുറത്താകാതെ നിന്നു. സഞ്ജു സാംസണ് രണ്ട് ഡക്കിനുശേഷം 56 പന്തിൽ ഒന്‍പതു സിക്സും ആറു ഫോറുമടക്കം 109 റണ്‍സുമായും പുറത്താകാതെ നിന്നു. രണ്ടാം വിക്കറ്റിൽ അഭേദ്യമായ 210 റണ്‍സാണ് ഇവർ കൂട്ടിച്ചേർത്തത്. ദക്ഷിണാഫ്രിക്കയെ 18.2 ഓവറിൽ 148നു പുറത്താക്കി 135 റണ്‍സിന്റെ കൂറ്റൻ ജയവും 3-1നു പരന്പരയും ഇന്ത്യ സ്വന്തമാക്കി.
സഞ്ജു-തിലക് ബാറ്റിംഗ്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി-20യിൽ ഇന്ത്യൻ ബാറ്റർമാരിൽ ഏറ്റവും സ്ട്രൈക്ക് റേറ്റ് കുറവ് സഞ്ജു സാംസണിനായിരുന്നു (194.64). അഭിഷേക് ശർമയും (200.00) തിലക് വർമയും (255.31) ഇരുനൂറിനു മുകളിലായിരുന്നു സ്ട്രൈക്ക് നടത്തിയത്. 2026 ഐസിസി ട്വന്റി-20 ലോകകപ്പ് മുന്നിൽക്കണ്ടാണ് ഇന്ത്യയുടെ ന്യൂജൻ ടീം ഒരുങ്ങുന്നത്. ഈ പരന്പരയിൽ സഞ്ജുവും തിലക് വർമയും രണ്ട് സെഞ്ചുറി വീതം നേടിയെന്നതും ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് വിളിച്ചോതുന്നു.
രോഹിത് ശർമ - വിരാട് കോഹ്ലി ഗ്ലാമറിനും മുകളിലുള്ള ആക്രമണമാണ് സഞ്ജുവും തിലകും ദക്ഷിണാഫ്രിക്കൻ മണ്ണിൽ കാഴ്ചവച്ചത്. സഞ്ജു, തിലക് വർമ, സൂര്യകുമാർ എന്നിവർക്കൊപ്പം യശസ്വി ജയ്സ്വാളും ചേരുന്നതായിരിക്കും ഇനിയങ്ങോട്ട് ഇന്ത്യയുടെ ട്വന്റി-20 ടോപ് ഓർഡർ ബാറ്റിംഗ് കരുത്ത്. ഇതിനു പുറമേയാണ് അഭിഷേക് ശർമയും ഉണ്ട്.
ആക്രമണം ശൈലി
സഞ്ജു, തിലക് എന്നിവരുടെ ശൈലി ഏകദേശം ഒന്നാണ്. നേരിടുന്ന ആദ്യ പന്തു മുതൽ ആക്രമിക്കുക. അതും ബാക്ക് ഫുഡിലേക്കു വലിഞ്ഞശേഷം പന്തിന്റെ അടിയിൽ പ്രഹരിക്കുന്ന രീതി. ഈ രീതി പന്തിനെ അതിന്റെ പരമാവധി ദൂരേക്ക് പറഞ്ഞുവിടാൻ സഹായിക്കും. ഷോർട്ട് ബോളുകളെ പോലും ബൗണ്ടറി കടത്താൻ സഞ്ജുവിനെ സഹായിക്കുന്നത് ഈ രീതിയാണ്.
ജെറാൾഡ് കോറ്റ്സിയുടെ ഓപ്പണിംഗ് ഓവറിലെ രണ്ട് ഷോട്ടുകൾ ഇതിന് ഉദാഹരണം. രണ്ട് പന്ത് എറിഞ്ഞപ്പോഴും കോറ്റ്സിയുടെ ലെംഗ്തിൽ തെറ്റില്ലായിരുന്നു. എന്നിട്ടും, ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെയും പോയിന്റിലൂടെയും ബൗണ്ടറി നേടാൻ സഞ്ജുവിനു സാധിച്ചു.
ക്യാപ്റ്റനും ടീമും കൊള്ളാം
തിലക് വർമ മൂന്നാം നന്പർ ബാറ്ററായി മൂന്നാം ട്വന്റി-20യിൽ ഇറങ്ങാൻ കാരണം ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ്. മൂന്നാം നന്പറിൽ ഇറങ്ങിക്കോട്ടേയെന്ന് തിലക്, ക്യാപ്റ്റനോട് ചോദിച്ചപ്പോൾ ഉത്തരം പോസിറ്റീവ്. ടീമിനായി തന്റെ ബാറ്റിംഗ് പൊസിഷൻ ത്യജിക്കുന്ന സൂപ്പർ ക്യാപ്റ്റനായി സൂര്യകുമാർ. മാത്രമല്ല, നിർണായകമായ ബൗളിംഗ് ചെയ്ഞ്ചും സൂര്യയുടെ ക്യാപ്റ്റൻസിക്കു നേർസാക്ഷ്യമായി.
2024ൽ 26 ട്വന്റി-20 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. അതിൽ 24ഉം ജയിച്ചു. വിജയ ശതമാനം 92.3.
പൂർണ പിന്തുണ വരുണ്‍ ചക്രവർത്തി-രവി ബിഷ്ണോയ് പുതിയ സ്പിൻ സഖ്യത്തിന്റെ പ്രകടനവും എടുത്തു പറയേണ്ടിയിരിക്കുന്നു. വരുണും (5) ബിഷ്ണോയിയും (12) ചേർന്ന് 17 വിക്കറ്റാണ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ വീഴ്ത്തിയത്.
ടീം അംഗങ്ങൾക്ക് മാനേജ്മെന്റ് പൂർണ പിന്തുണ നൽകുന്നതും ശ്രദ്ധേയം. രോഹിത് ശർമ തുടക്കമിട്ട മാറ്റമാണിത്. ക്രിക്കറ്റിന്റെ മാറ്റത്തിലെ അപകടസാധ്യത മനസിലാക്കി ടീം മാനേജ്മെന്റ് കളിക്കാരെ പിന്തുണയ്ക്കുന്നു. അതാണ് സഞ്ജുവിനു ലഭിച്ചത്. ശ്രീലങ്കയിലെ പരാജയങ്ങൾക്കിടയിലും അടുത്ത ഏഴ് മത്സരങ്ങൾ കളിക്കുമെന്ന് സാംസണിനു നൽകിയ ഉറപ്പും ആവശ്യപ്പെട്ട സ്ഥാനക്കയറ്റം തിലക് വർമയ്ക്കു നൽകിയതുമെല്ലാം അതിന്റെ ഉദാഹരണം.