അക്ഷയതൃതീയ നാളെ ; സ്വർണവ്യാപാരികളുടെ ലക്ഷ്യം 1,500 കോടിയുടെ വില്പന
Tuesday, April 29, 2025 1:13 AM IST
കൊച്ചി: സംസ്ഥാനത്ത് അക്ഷയതൃതീയ നാളില്‍ 1,500 കോടി രൂപയുടെ വില്പനയാണ് സ്വര്‍ണവ്യാപാരികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം അക്ഷയതൃതീയ ദിവസം 1,200 കോടി രൂപയുടെ വ്യാപാരം നടന്നതായാണു കണക്കുകള്‍. നാളെയാണ് അക്ഷയതൃതീയ.
സ്വര്‍ണം വാങ്ങാന്‍ നല്ല ദിവസം എന്ന വിശ്വാസത്തില്‍ മുന്‍വര്‍ഷങ്ങളിലെല്ലാം ഈ ദിനം സ്വര്‍ണക്കടകളില്‍ വന്‍ തിരക്കായിരുന്നു. ജിഎസ്ടി വിഭാഗത്തില്‍നിന്നു ലഭ്യമായ കണക്കനുസരിച്ച് സാധാരണദിവസങ്ങളില്‍ പ്രതിദിനം 300 മുതല്‍ 400 കോടി രൂപയുടെ സ്വര്‍ണവ്യാപാരമാണു കേരളത്തില്‍ നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം മേയ് പത്തിനായിരുന്നു അക്ഷയതൃതീയ. അന്നു സ്വർണം ഗ്രാമിന് 6,700 രൂപയും പവന് 53,600 രൂപയുമായിരുന്നു നിരക്ക്. ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,940 രൂപയും പവന് 71,520 രൂപയുമായി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗ്രാമിന് 2305 രൂപയുടെയും പവന് 18,440 രൂപയുടെയും വിലവര്‍ധനയാണ് ഉണ്ടായത്. ഒരു വര്‍ഷത്തിനിടെ 35 ശതമാനത്തിലധികം വര്‍ധനയാണ് സ്വര്‍ണവിലയിൽ രേഖപ്പെടുത്തിയത്.
അക്ഷയതൃതീയയോടനുബന്ധിച്ച് ഇത്തവണയും സ്വര്‍ണവിപണിയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് ഓള് കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍, കോയിനുകള്‍ എന്നിവ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നവരുടെ തിരക്ക് ഒഴിവാക്കാനായി അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.