കൂടുതൽ സൗരോർജ ബോട്ടുകൾ പുറത്തിറക്കാൻ ജലഗതാഗത വകുപ്പ്
Tuesday, November 19, 2024 11:33 PM IST
എസ് ആർ. സുധീർ കുമാർ
കൊല്ലം: ഉൾനാടൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെയും വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായി കൂടുതൽ സൗരോർജ ബോട്ടുകൾ അവതരിപ്പിക്കാൻ ജലഗതാഗത വകുപ്പിനു പദ്ധതി. 20 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ചെറുബോട്ടുകൾ നിർമിക്കാനാണു ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിന്റെ രൂപകൽപ്പനാ നടപടികൾ ഇതിനകം ആരംഭിച്ച് കഴിഞ്ഞു.
നദികളും തോടുകളും അടക്കമുള്ള ഉൾനാടൻ ജലാശയങ്ങളിൽ സുരക്ഷിത യാത്ര നടത്തുന്നതിന് അനുയോജ്യമായ ചെറു ബോട്ടുകളാണു രൂപകൽപ്പനയിലുള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായിരിക്കും ഈ ബോട്ടുകൾ തുടക്കത്തിൽ സർവീസ് നടത്തുക.
കുട്ടനാട്ടിലെ നിലവിലെ കായൽ ടൂറിസം കൂടുതൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 30 സീറ്റുകൾ ഉള്ള സോളാർ ബോട്ടുകൾ നിർമിക്കാനും ജലഗതാഗത വകുപ്പിന് പദ്ധതിയുണ്ട്. ഇത് കൂടാതെ കൊല്ലം ജില്ലയിലെ മൺറോതുരുത്തിലെ പ്രധാന ആകർഷണമായ കണ്ടൽ കാടുകളിലേക്കു വിദേശ - ആഭ്യന്തര വിനോദ സഞ്ചാരികളെ കൊണ്ടുപോകാൻ ഔട്ട് ബോർഡ് എൻജിനുകളുള്ള ബോട്ടുകൾ അവതരിപ്പിക്കാനും വകുപ്പ് ആലോചിക്കുന്നു.
ആലപ്പുഴ ജില്ലയിലെ കാക്കത്തുരുത്ത് ദ്വീപിലേക്കും സമാനമായ സഞ്ചാര പദ്ധതികൾ വകുപ്പ് ആസൂത്രണം ചെയ്ത് വരികയാണ്. ഈ ദ്വീപ് നാഷണൽ ജിയോഗ്രഫിക് ചാനലിന്റെ ലോക ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ചതോടെ ഇവിടേയ്ക്ക് സഞ്ചാരികളുടെ വരവ് വർധിച്ചിട്ടുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്താനും വകുപ്പ് ലക്ഷ്യമിടുന്നു.
സൗരോർജ ബോട്ടുകൾ നിലവിൽ എറണാകുളത്ത് സർവീസ് നടത്തുന്നുണ്ട്. ഇവ നൽകുന്ന യാത്രാ പാക്കേജുകൾക്ക് നിലവിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇതിന്റെകൂടി അനുഭവത്തിലാണ് പ്രാദേശിക ജല ടൂറിസം വർധിപ്പിക്കാൻ കൂടുതൽ സോളാർ ബോട്ടുകൾ നിർമിക്കാൻ വകുപ്പ് തീരുമാനിച്ചത്. സാധാരണക്കാർക്ക് കൂടി ഈ സേവനം ലഭ്യമാക്കുക എന്ന ആശയം സാക്ഷാത്കരിക്കണം എന്നതും ജലഗതാഗത വകുപ്പിന്റെ ലക്ഷ്യമാണ്.
ഓരോ സ്ഥലങ്ങളിലും പ്രാദേശിക പാരിസ്ഥിതിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ തരത്തിലുള്ള ബോട്ടുകൾ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് വകുപ്പ് അധികൃതർ.