ഓഹരി വിപണിയിൽ ആശ്വാസം
Tuesday, November 19, 2024 11:33 PM IST
മുംബൈ: ഏഴു ദിവസത്തെ തുടർച്ചയായുള്ള തകർച്ചയ്ക്കുശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ മുന്നേറ്റം. തുടർച്ചയായ ഏഴു ദിവസത്തിനുശേഷം നിഫ്റ്റി 65 പോയിന്റോളം ഉയർന്ന് 23518.50ൽ ക്ലോസ് ചെയ്തു.
ബിഎസ്ഇ സെൻസെക്സ് 239 പോയിന്റ് മുന്നേറി 77578 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. നാലു ദിവസത്തിനുശേഷമാണ് സെൻസെക്സ് മുന്നേറ്റം നടത്തിയത്. വ്യാപാരത്തിനിടെ സെൻസെക്സ് ഒരു ഘട്ടത്തിൽ ആയിരത്തിലധികം പോയിന്റ് മുന്നേറിയിരുന്നു. നിഫ്റ്റി 293 പോയിന്റോളം മുന്നേറിയിരുന്നു.
വിദേശ സ്ഥാപന നിക്ഷേപകരുടെ വിൽപ്പനയിൽ കുറവുണ്ടായതും ആഭ്യന്തര സ്ഥാപന നിക്ഷേപകർ വാങ്ങൽ കൂടിയതുമാണ് വിപണിക്കു നേട്ടമായത്. ഏഷ്യൻ മാർക്കറ്റുകളിലും വാങ്ങലുകൾ ശക്തമായി. ബിഎസ്ഇയിൽ 2362 ഓഹരികൾ ഉയർന്നപ്പോൾ 1601 ഓഹരികൾ താഴ്ന്നു. 96 എണ്ണം മാറ്റമില്ലാതെ നിന്നു.
സൻസെക്സിലെ 30 ഓഹരികളിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റൻ, ടാറ്റ മോട്ടോഴ്സ്, അൾട്രാ ടെക് സിമന്റ്, പവർ ഗ്രിഡ്, ഇൻഫോസിസ് എന്നിവർ നേട്ടം കൈവരിച്ചു. റിലൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ, ബജാജ് ഫിൻസെർവ്, മാരുതി, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ എന്നിവർക്കു നഷ്ടം നേരിട്ടു.
നിഫ്റ്റിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ. റെഡ്ഢീസ്, ഐഷർ മോട്ടോഴ്സ് എന്നിവരാണ് ഇന്നലെ പ്രധാനമായും ലാഭം നേടിയവർ.
വിപണിക്ക് ഇന്ന് അവധി
മഹാരാഷ് ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഓഹരി വിപണികൾക്ക് ഇന്ന് ഓഹരി വിപണികൾക്ക് അവധിയായിരിക്കും.