ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി ഫെബ്രുവരിയിൽ
Tuesday, November 19, 2024 11:33 PM IST
കൊച്ചി: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയുടെ വെബ്സൈറ്റ് വ്യവസായമന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. പുതിയ വ്യവസായനയത്തില്‍ പ്രഖ്യാപിച്ച 22 മുന്ഗണനാമേഖലകളായിരിക്കും നിക്ഷേപക ഉച്ചകോടിയിലെ പ്രധാന ആകര്‍ഷണം.
ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ലുലു കണ്വന്ഷന് സെന്ററിലാണു നിക്ഷേപക ഉച്ചകോടി നടക്കുന്നത്. രണ്ടായിരത്തിലധികം പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഉച്ചകോടിയില്‍ വരുന്ന വാഗ്ദാനങ്ങള്‍ യാഥാര്ഥ്യബോധത്തോടെയുള്ളതാകണം. അതിനായി മുന്ഗണനാമേഖലകളുമായി പ്രത്യേകം നടത്തുന്ന ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്.
കേരളത്തില്‍നിന്നു വിജയകരമായി പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളുടെയും സംരംഭങ്ങളുടെയും പ്രദര്‍ശനം ഉച്ചകോടിയിലുണ്ടാകും. ബിടുബി, ബിടുജി ചര്‍ച്ചകള്‍, സ്റ്റാര്‍ട്ടപ്പ് പിച്ചിംഗ് തുടങ്ങിയവയുമുണ്ടാകും.
ഫിക്കി, സിഐഐ, ടൈ കേരള തുടങ്ങിയ വിവിധ സംഘടനകളുടെ സഹകരണവും ഉച്ചകോടിയിലുണ്ടാകും. സംസ്ഥാനത്തേക്കു വരുന്ന നിക്ഷേപങ്ങള്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏകീകരിക്കാനാണ് ഉച്ചകോടിയിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.