213 കോടി പിഴ; അപ്പീൽ നൽകുമെന്ന് മെറ്റ
Wednesday, November 20, 2024 12:53 AM IST
ന്യൂഡൽഹി: വാട്സ് ആപ്പിന്റെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) 213.14 കോടി രൂപ പിഴ ചുമത്തിയതിനെതിരേ അപ്പീൽ നൽകാനൊരുങ്ങി മെറ്റ കന്പനി.
സ്വകാര്യതാ നയം പുതുക്കുന്നതുമായി ബന്ധപ്പെട്ട് 2021ൽ വാട്സ് ആപ് കൊണ്ടുവന്ന അപ്ഡേറ്റ് വിപണിമര്യാദകൾ ലംഘിക്കുന്നുവെന്നാരോപിച്ചാണ് സിസിഐ വാട്സ് ആപ്പിന്റെ മാതൃകന്പനിയായ മെറ്റയ്ക്ക് ഭീമൻ പിഴ ചുമത്തിയത്. എന്നാൽ, സിസിഐയുടെ കണ്ടെത്തലുകൾ തെറ്റാണെന്നും അപ്പീൽ നൽകുമെന്നും മെറ്റ വക്താവ് അറിയിച്ചു.
വാട്സ് ആപ് ഉപയോക്താക്കളിൽനിന്നു ശേഖരിക്കുന്ന ഡാറ്റ മെറ്റ കന്പനിയുടെ ഉടമസ്ഥതയിൽ തന്നെയുള്ള ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളുമായി പങ്കുവയ്ക്കുമെന്നതായിരുന്നു 2021ലെ സ്വകാര്യതാ നയത്തിൽ വാട്സ് ആപ് കൊണ്ടുവന്ന മാറ്റം. നേരത്തേ ഉണ്ടായിരുന്ന വ്യവസ്ഥപ്രകാരം ഡാറ്റ പങ്കുവയ്ക്കണോ, വേണ്ടയോ എന്നതിൽ ഉപയോക്താവിനു തീരുമാനമെടുക്കാമായിരുന്നു.
എന്നാൽ 2021ലെ അപ്ഡേറ്റിലൂടെ ആപ് ഉപയോഗിക്കണമെങ്കിൽ വാട്സ് ആപ് ആവശ്യപ്പെടുന്ന വ്യവസ്ഥ അംഗീകരിക്കണമെന്ന രീതി വന്നു. വിപണി ആവശ്യത്തിന് ഡാറ്റ മറ്റു പ്ലാറ്റ്ഫോമുകളുമായി പങ്കുവയ്ക്കുമെന്ന വ്യവസ്ഥ വിപണി മര്യാദകൾക്കെതിരാണെന്നു വ്യക്തമാക്കിയ സിസിഐ ഡാറ്റ കൈമാറുന്നത് അഞ്ചു വർഷത്തേക്ക് വിലക്കുകയും ചെയ്തു.
ഉപയോക്താവിന്റെ ഡാറ്റ മറ്റു പ്ലാറ്റ്ഫോമുകളുമായി പങ്കിടുമെന്നത് വാട്സ് ആപ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഉപാധിയാക്കി മാറ്റരുതെന്നും സിസിഐ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, സിസിഐയുടെ കണ്ടെത്തലുകൾ മുഴുവൻ തള്ളിയാണു മെറ്റ പ്രതികരിച്ചത്. 2021ലെ അപ്ഡേറ്റ് ആളുകളുടെ വ്യക്തിഗത സന്ദേശങ്ങളുടെ നയം മാറ്റിയിട്ടില്ലെന്ന് മെറ്റ വക്താവ് വ്യക്തമാക്കി.
നയം സ്വീകരിക്കാത്തതിന്റെ പേരിൽ ആരുടെയും വാട്സ് ആപ് അക്കൗണ്ടുകളും സേവനവും നഷ്ടമായിട്ടില്ലെന്ന് കന്പനി ഉറപ്പാക്കിയിരുന്നുവെന്ന് മെറ്റ പറഞ്ഞു.
അപ്ഡേറ്റ് വാട്ട്സ് ആപ്പിലെ ബിസിനസ് സവിശേഷതകൾ അവതരിപ്പിക്കാനും ഡാറ്റ ശേഖരണത്തിൽ സുതാര്യത ഉറപ്പാക്കാനായുമായാണ് ലക്ഷ്യം വച്ചിരുന്നതെന്നും മെറ്റ വ്യക്തമാക്കി.