തടവറയിൽ വിശുദ്ധ വാതിൽ തുറന്ന് മാർപാപ്പ
Friday, December 27, 2024 1:47 AM IST
റോം: ജൂബിലിവർഷത്തിൽ റോമിലെ തടവറയിൽ ദണ്ഡവിമോചനത്തിന്റെ ‘വിശുദ്ധ വാതിൽ’ തുറന്ന് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ റോമാ നഗരപ്രാന്തത്തിലെ റേബിബ്ബിയ ജയിൽ സന്ദർശിച്ച മാർപാപ്പ, ജയിലിലെ ചാപ്പലിലാണു വിശുദ്ധ വാതിൽ തുറന്നത്. പ്രതീക്ഷ നിരാശപ്പെടുത്തില്ല എന്നോർമിപ്പിക്കാനാണിതെന്ന് ജയിലിലെ അന്തേവാസികളോടും ഗാർഡുമാർ അടക്കമുള്ള ജീവനക്കാരോടും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണ് ഒരു മാർപാപ്പ ജയിലിൽ വിശുദ്ധ വാതിൽ തുറക്കുന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക, സെന്റ് ജോൺ ലാറ്ററൻ, സെന്റ് മേരി മേജർ ബസിലിക്കകൾ, സെന്റ് പോൾ ബസിലിക്ക എന്നീ പേപ്പൽ ബസിലിക്കകളിൽ മാത്രമാണു മാർപാപ്പ വിശുദ്ധവാതിൽ തുറക്കാറുള്ളത്. കടന്നുപോകുന്ന തീർഥാടകർക്ക് അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും ദണ്ഡവിമോചനത്തിന്റെയും അനുഭവം നല്കുന്ന വാതിലുകളാണിവ.
സഭ ജൂബിലിവർഷം ആഘോഷിക്കുന്നത് 25 വർഷം കൂടുന്പോഴാണ്. ഫ്രാൻസിസ് മാർപാപ്പ 24ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ വിശുദ്ധവാതിൽ തുറന്നതോടെ ആരംഭിച്ച ജൂബിലിയാഘോഷം 2026 ജനുവരി ആറു വരെ നീളും. ‘പ്രത്യാശയുടെ തീര്ഥാടകര്’എന്നതാണ് ജൂബിലി ആപ്തവാക്യം.
""ദൈവത്തിന്റെ ഹൃദയകവാടം തുറന്നിരിക്കുന്നു, അവനിലേക്കു മടങ്ങുക’’
ദൈവത്തിന്റെ ഹൃദയകവാടം സദാ തുറന്നുകിടക്കുന്നുവെന്നും അവനിലേക്കു നമ്മൾ മടങ്ങണമെന്നും ക്രിസ്മസ് ദിനത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിൽനിന്ന് വിശ്വാസികൾക്കു നല്കിയ ‘ഊർബി എത്ത് ഓർബി (നഗരത്തിനും ലോകത്തിനും)’ ആശീർവാദ സന്ദേശത്തിൽ മാർപാപ്പ ആഹ്വാനം ചെയ്തു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തുറന്ന വിശുദ്ധ വാതിൽ യേശുവിനെ പ്രതിനിധാനം ചെയ്യുന്നു. നഷ്ടപ്പെട്ട ആടുകളായ നമ്മൾ വീണ്ടെടുക്കപ്പെടാനുള്ള വാതിലാണത്.
തർക്കങ്ങളും ഭിന്നതകളും ഉപേക്ഷിച്ച് സമാധാന രാജാവായ ഉണ്ണിയേശുവിന്റെ കരങ്ങളിൽ സ്വയം സമർപ്പിച്ചാലേ വാതിലിലൂടെ പ്രവേശിക്കാനാവൂ. യുക്രെയ്ൻ, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ സമാധാനം സ്ഥാപിക്കാൻചർച്ചകളുടെ വാതിൽ തുറക്കപ്പെടണം.
ഗാസയിലെ ബന്ദികളെ മോചിപ്പിക്കുകയും യുദ്ധം അവസാനിപ്പിക്കുകയും വേണമെന്നു മാർപാപ്പ ആവശ്യപ്പെട്ടു. ലബനനിലെയും സിറിയയിലെയും ക്രൈസ്തവസമൂഹങ്ങളെ മാർപാപ്പ പ്രത്യേകം സ്മരിച്ചു.