ഇ.വൈ ഉദ്യോഗസ്ഥര്‍ അന്നയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചു
1454853
Saturday, September 21, 2024 3:23 AM IST
കൊച്ചി: പൂനയിലെ ഏണസ്റ്റ് ആന്‍ഡ് യംഗ് ഇന്ത്യ (ഇ.വൈ) കന്പനിയിലെ ഉദ്യോഗസ്ഥര്‍, അന്തരിച്ച മലയാളി ജീവനക്കാരി അന്നയുടെ മാതാപിതാക്കളെ ഇന്നലെ സന്ദര്‍ശിച്ചു. ഇ.വൈ പാര്‍ട്ണര്‍മാരും പൂനെയിലെ സീനിയര്‍ മാനേജരും എച്ച്ആര്‍ മാനേജരുമാണ് വീട്ടിലെത്തിയത്.
അമിതജോലി ഭാരം മൂലമാണ് മകള്‍ മരിച്ചതെന്നും ഇതില്‍ മാനേജരുടെയും അസിസ്റ്റന്റ് മാനേജരുടെയും ഭാഗത്ത് വീഴ്ചയുണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നും അന്നയുടെ പിതാവ് സിബി ജോസഫ് ആവശ്യപ്പെട്ടു. എന്നാല്‍ പരിശോധിക്കാമെന്ന ഒഴുക്കന്‍ മറുപടിയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സിബി ജോസഫ് പറഞ്ഞു.
കമ്പനി ചെയര്മാന് ഫോണില്‍ ബന്ധപ്പെട്ട് വീട്ടിലേക്ക് വരുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ 21 നാണ് എറണാകുളം കളമശേരി കങ്ങരപ്പടി സ്വദേശിനിയായ അന്ന സെബാസ്റ്റ്യന്‍ താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്.
ഇ.വൈ കമ്പനിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോയിൻ ചെയ്ത് നാലു മാസത്തിനുള്ളിലായിരുന്നു അന്നയുടെ മരണം. മകളുടെ മരണാനന്തരചടങ്ങുകളിൽ കന്പനിയിലെ ജീവനക്കാർ പങ്കെടുത്തില്ല എന്നത് ഏറെ വേദനിപ്പിച്ചുവെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നു.
മരിക്കുന്നതിന് തൊട്ടുമുമ്പും അന്ന പറഞ്ഞത് ജോലി ഭാരത്തെക്കുറിച്ച് : സുഹൃത്ത്
കൊച്ചി: തൊഴില്‍ സമ്മര്‍ദം മൂലം ജോലി ഉപേക്ഷിക്കാനോ നാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങാനോ അന്നാ സെബാസ്റ്റ്യന്‍ ആലോചിച്ചിരുന്നതായി ബാല്യകാല സുഹൃത്തും സഹപാഠിയുമായ ആന്മേരി. മരിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് വിളിച്ചപ്പോഴും ജോലിയിലെ ബുദ്ധിമുട്ടുകളാണ് തന്നോട് പങ്കുവച്ചതെന്ന് ആന്മേരി പറഞ്ഞു.
ഇതിനിടെ നാട്ടിലേക്ക് അയല്‍വാസിയുടെ കല്യാണത്തിനായി ഒരു ദിവസമാണ് അവള് വന്നത്. അന്നും വര്‍ക്ക് ഫ്രം ഹോം ആയിരുന്നു. ഒരു ദിവസം കൂടി കഴിഞ്ഞിട്ട് പോയാൽ പോരേന്ന് ചോദിച്ചപ്പോള്‍ മാനേജര്‍ ലീവ് തരുന്നില്ലെന്നാണ് പറഞ്ഞത്. അതുകൊണ്ട് അടുത്ത ദിവസംതന്നെ തിരിച്ചുപോയി.
സ്ഥിരമായി ആഴ്ചയില്‍ ഒരിക്കലെങ്കിലും ഞങ്ങള്‍ വിളിക്കാറുണ്ട്. കുറച്ചു ദിവസങ്ങളായി അവളെ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. ഓഫീസിലാണ്, മീറ്റിംഗിലാണ് എന്നൊക്കെയാണ് പറയാറ്.
അന്നയുടെ അമ്മയുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ കുറെപേര് അവരുടെ അനുഭവങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. കത്തില്‍ എഴുതിയതിനേക്കള് വലിയ ദുരിതമാണ് അവരെല്ലാം അനുഭവിക്കുന്നതെന്നാണ് ഒരു കുട്ടി അഭിപ്രായപ്പെട്ടത് - ആന്‍ മേരി പറഞ്ഞു.